കരിമുളക്കൽ പള്ളിക്കുനേരെ അക്രമം; പ്രതികൾ റിമാൻഡിൽ
text_fieldsചാരുംമൂട്: കരിമുളക്കലിൽ പള്ളിക്കെട്ടിടം തകർക്കുകയും വികാരിക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ചുനക്കര കരിമുളക്കൽ പുത്തൻപുരയിൽ അരുൺകുമാർ (33), താമരക്കുളം മേക്കുംമുറിയിൽ സെനിൽ ഭവനത്തിൽ സെനിൽ രാജ് (34), താമരക്കുളം വേടര പ്ലാവ് തറയിൽ വടക്കതിൽ സുനു (27) എന്നിവരെയാണ് മാവേലിക്കര കോടതി 14 ദിവസേത്തക്ക് റിമാൻഡ് ചെയ്തത്.
ഞായറാഴ്ച പുലർച്ച 1.30ഒാടെയാണ് കരിമുളക്കൽ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി എം.കെ. വർഗീസ് കോർ എപ്പിസ്‌ക്കോപ്പക്കുനേരെ കൈേയറ്റ ശ്രമവും പള്ളിക്കെട്ടിടം അടിച്ചുതകർക്കുകയും ചെയ്തത്. സംഭവം നടന്ന ഉടൻ പ്രതികളിൽ ഒരാളായ അരുൺ കുമാറിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ടുപേർ പിടിയിലായത്. ആക്രമണത്തിൽ ആറുപേർ ഉണ്ടായിരുന്നതായി പള്ളി വികാരി മൊഴി നൽകിയിരുന്നു. കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരുടെ പേരിൽ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തി വർഗീയലഹളയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് നടത്തിയ അക്രമത്തിെൻറ പേരിലാണ് കേസ് എടുത്തത്. മറ്റ് നിരവധി കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുള്ളതായി മാവേലിക്കര സി.ഐ പി. ശ്രീകുമാർ പറഞ്ഞു. പള്ളി വക സ്ഥലത്ത് കോൺക്രീറ്റ് കല്ലറ നിർമിക്കാൻ അനുമതിക്കുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
എന്നാൽ, ഇതിനെതിരെ അരുൺ ഉൾപ്പെടെ ചില അയൽവാസികൾ ചുനക്കര ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയതായാണ് വിവരം. കല്ലറ നിർമിക്കുന്നതിലുള്ള എതിർപ്പാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.