സഭ ഒരു ഘട്ടത്തിലും തുറമുഖത്തെ പിന്തുണച്ചിട്ടില്ല -സൂസപാക്യം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തെ ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത പിന്തുണക്കുകയോ അനുകൂലമായി സർക്കാറിന് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന് മുൻ ആർച് ബിഷപ് ഡോ. സൂസപാക്യം.
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിന്റെ ഭാഗമായി ആരംഭിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിൽ പുറത്തുനിന്നുള്ളവരുണ്ടെന്നാണ് ആക്ഷേപം. എന്നാൽ, സുരക്ഷിതമായി മത്സ്യബന്ധനത്തിന് പോകാൻ സാധിച്ചിരുന്ന തീരപ്രദേശമെന്നനിലയിൽ പല ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് വന്ന് താമസിക്കുകയാണുണ്ടായത്. തുറമുഖ നിർമാണം തുടങ്ങി ഏഴു വർഷം കഴിഞ്ഞ് മാത്രം എതിരായി രംഗത്ത് വരുന്നെന്ന ആക്ഷേപവും ശരിയല്ല.
2012 പദ്ധതി രൂപരേഖ ലഭിച്ചശേഷം വിദഗ്ധരുമായി ചർച്ച ചെയ്തശേഷം പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമായി മാറുമെന്ന പഠന റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. പുലിമുട്ട് മൂന്നിലൊന്ന് മാത്രം പൂർത്തിയായപ്പോൾ കോവളം മുതൽ തുമ്പ വരെ 20 കിലോ മീറ്റർ തീരദേശം കടലെടുത്തു. ശാന്തമായിരുന്ന വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് തിരയിളക്കം അനുഭവപ്പെടുന്നു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന പ്രദേശത്ത് മണ്ണടിഞ്ഞ് വള്ളം മറിഞ്ഞ് ഇതുവരെ മൂന്നുപേരാണ് മരിച്ചത്. നിർമാണത്തെ തടസ്സപ്പെടുത്താതെ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നെന്ന കോടതി ഉത്തരവിന്റെ പൊരുൾ മനസ്സിലാവുന്നില്ല. തീരദേശ ജനതയുടെ അവകാശം വിശദമായി പഠിച്ച ശേഷം അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന മാർഗനിർദേശം കോടതിയിൽനിന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതും കമ്യൂണിസ്റ്റുകാർ സജീവവുമായ കേരളത്തിലാണ് മത്സ്യത്തൊഴിലാളി സമൂഹം ദയനീയ സാഹചര്യത്തിലൂടെ കടന്നുപോകുന്നതെന്ന് ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. ഇടതുപക്ഷ അപചയമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഈ സമരം കൈത്തിരിയാണ്. ഇടനാട്ടിലെയും മലനാട്ടിലെയും ജനങ്ങൾ ഇതിൽനിന്ന് നീതിയുടെ തിരി കൊളുത്തി പരത്തും. വിരലിലെണ്ണാവുന്ന കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൂട്ടുകളി നടത്തുകയാണെന്നും ആർച് ബിഷപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.