സഭാ തർക്കം: ഹിതപരിശോധന നിർദേശം അംഗീകരിക്കില്ലെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
text_fieldsഷാർജ: സഭാ തർക്കത്തിൽ ഹിതപരിശോധന നടത്തണമെന്ന റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് കമീഷൻ നിർദേശം തള്ളി ഓർത്തഡോക്സ് സഭ അധ്യക്ഷൻ. നിയമപരിഷ്കരണ കമീഷന്‍റെ ശിപാർശ അംഗീകരിക്കാനാവില്ലെന്ന് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ വ്യക്തമാക്കി.
സുപ്രീംകോടതി വിധി ലംഘിച്ചുള്ള നിയമ നിർമാണത്തിന് സാധുതയില്ല. കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. നിയമനിർമാണത്തിന് പോകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. നിയമം നിയമത്തിന്‍റെ വഴിയെ പോകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും സഭ അധ്യക്ഷൻ വ്യക്തമാക്കി.
നിയമപരിഷ്കരണ കമീഷന്‍റെ ഹിതപരിശോധന നിർദേശം സുപ്രീംകോടതിയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗനിർദേശമുണ്ട്. സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യറിയുടെ മഹിമ കെടുത്തുന്ന പ്രചാരണങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണ്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. സഭാ ഭരണം നിർവഹിക്കാനുള്ള അടിസ്ഥാനരേഖയായി കോടതി അംഗീകരിച്ച 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയാർക്കീസ് വിഭാഗത്തിെൻറ നിലപാടുകളാണ് കമീഷൻ ശിപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തെരഞ്ഞെടുപ്പ് നടത്താൻ സഭ ഒരുക്കമാണ്.
പള്ളികളിൽ ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വൈദികനാണ്. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകൽപന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരില്ലെന്ന് കരുതുന്നതായും ബിജു ഉമ്മൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.