സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഇടവക സമിതികളും; മാർപാപ്പക്ക് നൽകാൻ നിവേദനം
text_fieldsകൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ വിവാദവിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് ഇടവക സമിതികൾ. ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് മാർപാപ്പയെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് എറണാകുളം അതിരൂപതയിലെ 16 ഫൊറോനകളിൽനിന്ന് മുന്നൂറിലധികം ഇടവക സമിതികൾ വികാരിമാരും ട്രസ്റ്റിമാരും സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻമാരും ഒപ്പിട്ട നിവേദനം അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന് നൽകി.
അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. 16 ഫൊറോനകൾ ഓരോ ഗ്രൂപ് ആയി മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് ഓരോ ഇടവകയും സ്വന്തം ലെറ്റർ ഹെഡിൽ ഇടവക വിശ്വാസികൾക്ക് വേണ്ടി ആവശ്യങ്ങൾ എഴുതി ഒപ്പിട്ട് സമർപ്പിക്കുകയായിരുന്നു. വിവിധ ഫൊറോനകളിലെ 305പള്ളികളുടെ കത്ത് ഇതുവരെ കൊടുത്തു. കൂടാതെ എറണാകുളം അതിരൂപതയിലെ വിശ്വാസികളെ പ്രതിനിധാനംചെയ്ത് കെ.സി.വൈ.എം, സി.എൽ.സി, സി.എം.എൽ, വിൻസെന്റ് ഡി പോൾ, ഡി.സി.എം.എസ്, പാസ്റ്ററൽ കൗൺസിൽ എന്നിവയും നിലപാട് അറിയിക്കും.
അടുത്ത ആഴ്ച വത്തിക്കാനിൽ പോകുന്ന മാർ ആൻഡ്രൂസ് താഴത്തിനോട് മൂന്ന് ആവശ്യങ്ങൾ മാർപാപ്പയെ അറിയിക്കാനാണ് ഇടവകകൾ ആവശ്യപ്പെട്ടത്. ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ല, സിനഡും ഓറിയന്റൽ കോൺഗ്രിയേഷനും മാർപാപ്പ അറിയാതെ എറണാകുളം അതിരൂപതയിൽ നടത്തുന്ന അധിനിവേശം ഇനി അനുവദിക്കില്ല, എറണാകുളം അതിരൂപതക്ക് അതിരൂപതകാരനായ ഒരു മെത്രാപ്പോലീത്തയെ ലഭ്യമാക്കണം എന്നിവയാണ് ആവശ്യങ്ങൾ.
അല്മായ മുന്നേറ്റം അതിരൂപത സമിതി അംഗങ്ങളായ ജെമി അഗസ്റ്റിൻ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ജോൺ കല്ലൂക്കാരൻ, പ്രകാശ് പി. ജോൺ, തങ്കച്ചൻ പേരയിൽ, വിജിലൻ ജോൺ, ജോളി സിറിയക് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.