തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർഥിയില്ല, ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം - മാർ ആലഞ്ചേരി
text_fieldsകൊച്ചി: തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർഥിയില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താറില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാമെന്ന് മാർ ആലഞ്ചേരി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജനങ്ങളല്ലേ നിലപാട് എടുക്കേണ്ടത്. ജനങ്ങളുടേത് സഭയുടെ നിലപാട് ആയിരിക്കണമെന്നില്ല. സഭ എന്ന് പറയുന്നത് ജനങ്ങളുടെ കൂട്ടായ്മയാണ്. സഭ എന്ന് പറഞ്ഞ് ഒരു കൂട്ടർ മാറിനിൽക്കും. ഏത് പാർട്ടിക്ക് വോട്ട് ചെയ്യമെന്ന് അവർ തീരുമാനിക്കുമെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി.
ചിലപ്പോൾ ചിതറി വോട്ട് ചെയ്തെന്നും വരാം. അത് ജനാധിപത്യത്തിൽ കണ്ടുവരുന്നതാണ്. ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന നിർദേശം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. നന്നായി പരിശ്രമം നടത്തി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ഥാനാർഥികൾ ശ്രമിക്കണമെന്നും മാർ ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയിൽ മൽസരിക്കുന്ന ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തുവന്നിരുന്നു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്നും എന്നാൽ, അത് ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടേതാണെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.