Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടി തോമസിനോട് മാപ്പ്...

പി.ടി തോമസിനോട് മാപ്പ് പറയാൻ ഇനിയെങ്കിലും ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം- ആൻറോ ജോസഫ്

text_fields
bookmark_border
പി.ടി തോമസിനോട് മാപ്പ് പറയാൻ ഇനിയെങ്കിലും ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം- ആൻറോ ജോസഫ്
cancel

കൊച്ചി: അന്തരിച്ച എം.എല്‍.എ പി.ടി. തോമസിനോട് മാപ്പ് പറയാന്‍ ക്രൈസ്തവ സഭാ മേലധികാരികള്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് സിനിമാ നിര്‍മാതാവ് ആൻറോ ജോസഫ്. ഒരു ബിഷപ്പിൻറെ പ്രസ്താവനക്കോ മൃതദേഹത്തിന് മുന്നിലുള്ള ഒപ്പീസു ചൊല്ലലിനോ മായ്ച്ചു കളയാനാകില്ല പി.ടിയോട് ചെയ്ത ക്രൂരതയുടെ കളങ്കം. അതു ഇല്ലാതാകണമെങ്കിൽ പി.ടിയോട് മാപ്പു പറഞ്ഞേ തീരൂവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം

ഇന്ന് തിരുപ്പിറവി ദിനം. ഞാൻ ഏറെ ബഹുമാനിക്കുന്ന ക്രൈസ്തവ പുരോഹിത സമൂഹത്തോട് ചില വസ്തുതകൾ പറയാൻ ഈ ദിവസം തന്നെയാണ് ഉചിതം. പി.ടി തോമസിനെക്കുറിച്ചു തന്നെയാണ്. ആ മനുഷ്യനോട് 'മാപ്പ്' എന്നൊരു വാക്ക് ഇനിയെങ്കിലും പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം. അത് നിങ്ങളുടെ മഹത്വമേറ്റുകയേ ഉള്ളൂ. ഞാൻ ഒരു വിശ്വാസിയാണ്. നിത്യവും മുടങ്ങാതെ പളളിയിൽ പോയി പ്രാർഥിക്കുന്നയാളാണ്. തെറ്റ് സംഭവിച്ചാൽ അത് ഏറ്റു പറയണമെന്ന് കുട്ടിക്കാലം തൊട്ടേ അൾത്താര പ്രസംഗങ്ങളിൽ കേട്ടു വളർന്നയാളാണ്. വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് നന്മയുണ്ടാകുന്നതും മനസ് വിശുദ്ധമാകുന്നതുമെന്നാണ് പഠിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ പി.ടിയോട് തെറ്റ് ഏറ്റുപറയാൻ പുരോഹിതർ ഇനിയും വൈകരുത്.

ഒരു പക്ഷേ കേരളത്തിൽ അധികമാർക്കും അറിയാത്തൊരു പി.ടി.യുണ്ട്. ഡിജോ കാപ്പനെ പോലെ അടുത്ത സുഹൃത്തുക്കൾക്കുമാത്രം അറിയാവുന്ന ആ പി.ടി ഉപ്പുതോട്ടിലെ കല്ലുവഴികളിലൂടെ എല്ലാ ഞായറാഴ്ചയും പള്ളിയിലേക്ക് നടന്നു പോയിരുന്ന ബാലനാണ്. അന്ന് ഇടുക്കി രൂപതയില്ല. കോതമംഗലം രൂപതയാണ്. സൺഡേ സ്കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു പി.ടി. വേദപാഠ പരീക്ഷകളിൽ കോതമംഗലം രൂപതയിൽ തന്നെ ഒന്നാമൻ. ആ പി.ടിയെയാണ് ജനിച്ച മണ്ണിനും അവിടത്തെ മലയ്ക്കും മനുഷ്യർക്കും വേണ്ടി പിൽക്കാലം നിലപാട് എടുത്തതിൻ്റെ പേരിൽ പുരോഹിത സമൂഹം ക്രൂശിച്ചത്. അതിലും ക്രൂരമായി പ്രതീകാത്മക ശവഘോഷയാത്ര നടത്തി അപമാനിച്ചത്. എന്നിട്ട് മനസുകളിൽ തെമ്മാടിക്കുഴികുത്തി അടക്കം ചെയ്യാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. എത്ര ക്രൂരം! പി.ടി ചെയ്ത തെറ്റ് എന്തായിരുന്നു? എന്ത് ഉത്തരം നല്കാനുണ്ട് ഈ ചോദ്യത്തിന്?

ഒരു ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കോ മൃതദേഹത്തിന് മുന്നിലുള്ള ഒപ്പീസു ചൊല്ലലിനോ മായ്ച്ചു കളയാനാകില്ല പി.ടിയോട് ചെയ്ത ക്രൂരതയുടെ കളങ്കം. അതു ഇല്ലാതാകണമെങ്കിൽ പി.ടിയോട് മാപ്പു പറഞ്ഞേ തീരൂ. അഭിവന്ദ്യ പുരോഹിതരേ... പി.ടി മരിച്ചിട്ടില്ല. ഇനിയും പലരിലൂടെ പുനർജനിക്കും. അവർ അപ്രിയ സത്യങ്ങൾ വിളിച്ചു പറയും. നിങ്ങൾ തെമ്മാടിക്കുഴികൾ കല്പിക്കുമ്പോൾ അവർ ചിതയായി ആളും. അവർക്കരികേ പ്രണയഗാനങ്ങൾ അലയടിക്കും... അതു കൊണ്ട് വൈകരുത്. നിങ്ങളുടെ ഓർമയിലേക്കായി ഒരു ബൈബിൾ വാക്യം കുറിക്കട്ടെ: 'ഞാൻ എൻ്റെ അകൃത്യങ്ങൾ ഏറ്റുപറയുന്നു. എൻ്റെ പാപത്തെ പറ്റി അനുതപിക്കുന്നു'.(സങ്കീർത്തനങ്ങൾ 38:18)

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോടും ഒരഭ്യർഥന : ദയവായി മതത്തിൻ്റെ പേരിലുള്ള സീറ്റ് വീതം വയ്ക്കലുകൾ അവസാനിപ്പിക്കുക. ഇടുക്കിയും കോട്ടയവും ക്രൈസ്തവനും മലപ്പുറവും കോഴിക്കോടും മുസ്ലിമിനും തിരുവനന്തപുരവും കൊല്ലവും ഹിന്ദുവിനുമെന്ന നിലയിൽ നിങ്ങൾ വീതം വയ്ക്കുന്നതുകൊണ്ടാണ് പുരോഹിതർ വാളെടുത്തപ്പോൾ നിങ്ങൾക്ക് തല കുനിക്കേണ്ടി വന്നത്. പി.ടിയെപ്പോലൊരു നേതാവിനെ പടിയിറക്കി വിടേണ്ടി വന്നത്. ലോക്സഭയിലെ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ മികച്ച എം.പിയായി ഇന്ത്യ ടുഡേ തെരഞ്ഞെടുത്ത് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പി.ടി.ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്.

അത് പുരോഹിത ശ്രേഷ്ഠർക്ക് കോൺഗ്രസ് നേതൃത്വം വഴങ്ങിയതിൻറെ ഫലമായിരുന്നുവെന്ന് മാധ്യമങ്ങൾ പറഞ്ഞു. പക്ഷേ തിരസ്കൃതനായ പി.ടി. ഒന്നും പറയാതെ കാസർകോട്ടേക്ക് വണ്ടി കയറി. ടി.സിദ്ദിഖിൻെറ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ. അതായിരുന്നു പി.ടി.തോമസ്. കോൺഗ്രസ് നേതൃത്വം മറ്റു പാർട്ടികളെ കണ്ടു പഠിക്കുക. മതത്തിനനുസരിച്ചാണോ അവിടെ സ്ഥാനങ്ങൾ നൽകുന്നതെന്ന് നോക്കുക. അവസാനിപ്പിക്കാറായി ഈ 'മദപ്പാട്'.

കേരളത്തിലെ പുരോഹിതർക്കും കോൺഗ്രസ് നേതൃത്വത്തിനുമുള്ള മറുപടിയാണ് കേരളത്തിലെ ജനങ്ങൾ പി.ടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തു കൊണ്ട് നൽകിയത്. ഇനിയെങ്കിലും ഒന്നു മനസിലാക്കുക. മതം മതത്തിൻെറ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിൻെറ വഴിക്കും പോകട്ടെ. പി.ടിയുടെ ആത്മാവിനോട് നിങ്ങൾക്ക് ചെയ്യാനാകുന്ന ഏറ്റവും വലിയ പുണ്യമാകും അത്. ഒപ്പം യേശു എന്ന സ്നേഹസ്വരൂപനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതിയും...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ThomasAnto Joseph
News Summary - Church leaders must be apologize to PT Thomas - Anto Joseph
Next Story