ജാതി ജനറൽ എന്ന് രേഖപ്പെടുത്തണമെന്ന ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭയുടെ ആവശ്യം തള്ളി റവന്യൂവകുപ്പ്
text_fieldsതിരുവനന്തപുരം: ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭാ വിഭാഗത്തിന്റെ ജാതി ജനറൽ എന്ന് രേഖപ്പെടുത്തണമെന്ന ആവശ്യം തള്ളി റവന്യൂ വകുപ്പിന്റെ ഉത്തരവ്. ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭയിലെ അംഗങ്ങൾക്ക് മതം ക്രിസ്ത്യൻ " എന്നും ജാതി ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ' എന്നും സംവരണ വിഭാഗം 'ജനറൽ' എന്നും രേഖപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സർക്കാർ മുമ്പാകെ സമർപ്പിച്ച ഹർജി സമയബന്ധിതമായി തീർപ്പാക്കുവാൻ നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ട് സഭാധ്യക്ഷൻ, റവ. ബിനോയ് മണ്ഡപത്തിൽ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ വിഷയത്തിൽ 2023 മാർച്ച് ഏഴിലെ ഹൈകോടതി വിധി നടപ്പാക്കിയാണ് ഉത്തരവ്. നിലവിലെ നിയമങ്ങൾ അനുസരിച്ച് ജാതി വ്യവസ്ഥ നിലവിലില്ലാത്ത ക്രിസ്തീയ സഭകളുടെയോ പ്രാർഥനാ സമൂഹങ്ങളുടെയോ പേരിൽ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു. സമർപ്പിച്ച രേഖകൾ പ്രകാരം ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനഏൽ സീയോൻ സഭയിൽ സംവരണ വിഭാഗത്തിൽപ്പെട്ടവരും സഭാംഗങ്ങളായി ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി.
സംവരണ വിഭാഗം ഉൾപ്പെടെ ഏത് ജാതി മതത്തിൽപ്പെട്ടവർക്കും ഈ ഗ്രൂപ്പിൽ അംഗമാകാൻ കഴിയും. അതിനാൽ ഈ വിഭാഗത്തെ ഒന്നടങ്കം സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുവാൻ പ്രായോഗിക വിഷമതകളുണ്ടെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംസ്ഥാന കമീഷൻ സർക്കാരിനെ അറിയിച്ചു.
റോമൻ കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ്, ക്നാനായ പന്തക്കോസ്ത് തുടങ്ങിയവ ക്രിസ്തു മതത്തിലെ അവാന്തര വിഭാഗങ്ങളാണെന്നും ക്രിസ്തുമതത്തിൽ ജാതി വ്യവസ്ഥയില്ലാത്തതാണെന്നും ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭ എന്നത് ഇത്തരത്തിലൊരു അവാന്തര വിഭാഗമല്ലെന്നും അതിനാൽ ഒരു ക്രിസ്തീയ സഭ മാത്രമാണെന്നും ഈ സാഹചര്യത്തിൽ നിലവിലെ നിയമങ്ങൾ അനുസരിച്ച് ക്രിസ്തിയകളുടെ പേരിൽ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാനാവില്ലെന്ന് ലാൻഡ് റവന്യൂ കമീഷണറും റിപ്പോർട്ട് ചെയ്തിരുന്നു.
ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ എന്ന വിഭാഗത്തിൽ ഉൾപ്പെട്ടതും എന്നാൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണം ലഭിക്കാത്തതുമായ വ്യക്തികൾക്ക് ഭരണ ഘടനയുടെ 103-ാം ഭേദഗതി പ്രകാരമുള്ള സംവരണം ലഭിക്കുന്നതിന് യാതൊരു വിധത്തിലുമുള്ള പ്രായോഗിക തടസങ്ങളുമില്ല.
ഈ സാഹചര്യത്തിൽ ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭയിലെ അംഗങ്ങൾക്ക് മതം ക്രിസ്ത്യൻ " എന്നും ജാതി ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ' എന്നും സംവരണ വിഭാഗം 'ജനറൽ' എന്നും രേഖപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുവാൻ നിർവാഹമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
വിധിപ്പകർപ്പ് ലഭ്യമായ തീയതി മുതൽ രണ്ട് മാസത്തിനകം തീർപ്പാക്കുവാൻ സർക്കാരിന് ഹൈകോടതി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.