കോവിഡ് ബാധിതെൻറ മൃതദേഹം സംസ്കരിക്കാൻ പള്ളി കമ്മിറ്റി അനുവദിച്ചില്ല
text_fieldsചാലക്കുടി: കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച വി.ആർ.പുരം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ പള്ളി കമ്മിറ്റി അനുവാദം നിഷേധിച്ചു. അസീസി നഗറിൽ പാണംപറമ്പിൽ ചാക്കോയുടെ മകൻ ഡിന്നിയുടെ മൃതദേഹം സംസ്കരിക്കാൻ തച്ചുടപറമ്പ് സെൻറ് സെബാസ്റ്റ്യൻസ് പള്ളി കമ്മിറ്റിയാണ് അനുവാദം നിഷേധിച്ചത്. ഡിന്നിയുടെ വീട്ടുകാർ നൽകിയ അപേക്ഷയിൽ പള്ളി കമ്മിറ്റി മൂന്ന് മണിക്കൂറിലധികം ചർച്ച ചെയ്തെങ്കിലും സംസ്കരിക്കാൻ ഇടവകയിലെ ഭൂരിഭാഗം അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി.
ചുറ്റുപാടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ സെമിത്തേരിയിൽ അടക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നതായി കമ്മിറ്റിക്കാർ പറഞ്ഞു. മാത്രമല്ല, മഴക്കാലത്ത് വെള്ളം കയറുന്ന താഴ്ന്ന സ്ഥലത്താണ് പള്ളിയും സെമിത്തേരിയുമെന്നതിനാൽ കുഴിമാടത്തിൽനിന്ന് ചുറ്റിനും വെള്ളം ഉറവയുണ്ടാകുമെന്നും അവർ ആരോപിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം മൃതദേഹം മറവുചെയ്യണം എന്ന ആവശ്യത്തിൽ ഡിന്നിയുടെ വീട്ടുകാർ ഉറച്ചുനിൽക്കുകയാണ്.
പ്രശ്നം കോടതിയിലെത്തുമെന്നാണ് സൂചന. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലക്ടറുടെ നിർദേശമനുസരിച്ച് തുടർ നടപടികളുണ്ടാകും. മാലദ്വീപിൽ അധ്യാപകനായിരുന്ന ഡിന്നി ചാക്കോക്ക് അവിടെെവച്ചാണ് രോഗം ബാധിച്ചത്. കഴിഞ്ഞ മാസമാണ് നാട്ടിൽ എത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.