യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ‘ഹേറ്റ് സ്റ്റോറി’കളല്ല, ‘ലവ് സ്റ്റോറി’കൾ -ഗീവർഗീസ് കൂറിലോസ്
text_fieldsയേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ‘ഹേറ്റ് സ്റ്റോറി’കളല്ല, മറിച്ച് ‘ലവ് സ്റ്റോറി’കളാണെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ സിനിമ ഇടുക്കി രൂപത പ്രദർശിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി’ (സ്നേഹത്തിന്റെ കഥകൾ)കളാണ്. മറിച്ച് ‘ഹേറ്റ് സ്റ്റോറി’ (വിദ്വേഷത്തിന്റെ കഥകൾ) അല്ല’ എന്നിങ്ങനെയായിരുന്നു കുറിപ്പ്.
ഇതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ നിരവധി പേർ കമന്റുമായി എത്തി. ‘വിവേകത്തിന്റെയും ആർജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദി’ എന്നായിരുന്നു ബൽറാമിന്റെ കമന്റ്. ‘സമയോജിതം...കേരളം എല്ലാത്തരം വിദ്വേഷ പ്രചാരണത്തെയും സ്നേഹംകൊണ്ട് അതിജീവിക്കും’ എന്നായിരുന്നു ആര്യയുടെ പ്രതികരണം.
വിശ്വാസോത്സവത്തിന്റെ ഭാഗമായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 10,11,12 ക്ലാസിലെ വിദ്യാർഥികൾക്കായാണ് ഇടുക്കി രൂപത വിവാദ സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾ പ്രണയത്തിലകപ്പെട്ട് വഴിതെറ്റി പോകുന്നതിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നായിരുന്നു ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് നൽകിയ വിശദീകരണം. ഇടുക്കി രൂപതക്ക് പിന്നാലെ സിനിമ പ്രദർശിപ്പിക്കാൻ താമരശ്ശേരി രൂപതയും തീരുമാനിച്ചിട്ടുണ്ട്. രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കുക.
അതിനിടെ, തലശ്ശേരി അതിരൂപതക്കു കീഴിലെ പള്ളികളിൽ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബിഷപ് ഹൗസ് അറിയിച്ചു. സിനിമയുടെ രാഷ്ട്രീയത്തെ അതിരൂപത പിന്തുണക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് സിനിമ പ്രദർശനം നടത്തുന്നതിനോട് താൽപര്യമില്ലെന്നും ബിഷപ്പ് ഹൗസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.