ചുവന്ന പെട്ടിയും നീലത്തപാലും
text_fieldsവിഷയങ്ങൾ വൈവിധ്യമാർന്നതാണെങ്കിലും ഒരു നൂലിൽ കോർത്ത മുത്തുകൾപോലെ, ചിന്തയിലെ തെളിമകൊണ്ടും ആഖ്യാനത്തിലെ ലാളിത്യംകൊണ്ടും ആകർഷകമാണ് 16 ലേഖനങ്ങൾ ചേർന്ന 'ചുവന്ന പെട്ടിയും നീലത്തപാലും' എന്ന പുസ്തകം. ഓർമ, അനുഭവം, യാത്ര എന്നിങ്ങനെ ലേഖനങ്ങളുടെ സ്വഭാവത്തെ പൊതുവിൽ വേർതിരിച്ചിട്ടുണ്ടെങ്കിലും അനാദൃശമായ ഒരു പാരസ്പര്യം ഈ പുസ്തകത്തിലെ ലേഖനങ്ങൾക്കെല്ലാമുണ്ട്. മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടത്തിൽ അത്ര സുപരിചിതയല്ല, ഈ പുസ്തകമെഴുതിയ സി.പി. ശ്രീരേഖ. എന്നാൽ, പറഞ്ഞുവരുേമ്പാൾ ശ്രീരേഖയെ വായനക്കാർ അറിയാതിരിക്കില്ല. പവനെൻറയും പാർവതി പവനെൻറയും മകൾ, സി.പി. രാമചന്ദ്രൻ എന്ന അറിയപ്പെടുന്ന പത്രപ്രവർത്തകെൻറയും നോവലിസ്റ്റും കവിയുമായ സി.പി. സുരേന്ദ്രെൻറയും മരുമകൾ. എം.പി. നാരായണപ്പിള്ളയുടെയും പ്രഭാപിള്ളയുടെയും അടുത്ത ബന്ധു. ഇത്തരത്തിൽ ഒരു സാഹിത്യ തറവാട്ടിൽനിന്നാണ് ശ്രീരേഖ എഴുതുന്നതെങ്കിലും ആ തൂലികയിൽനിന്ന് പാരമ്പര്യത്തിെൻറ മഷി മാത്രമല്ല പുറത്തേക്കൊഴുകുന്നത്. മറിച്ച്, സമകാലിക രാഷ്ട്രീയത്തിെൻറ നന്മതിന്മകൾകൂടി അതിൽ കൂടിച്ചേരുന്നുണ്ട്. പുതിയൊരു എഴുത്തുശൈലിയുടെ നിറവും അനുഭവങ്ങളുടെ ഊഷ്മളതയും അതിൽ കാണാം.
തികച്ചും വ്യക്തിഗതമായ ചിന്തകളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിെൻറ ഉള്ളടക്കമെങ്കിലും ഒട്ടും മടുപ്പുതോന്നിക്കാതെ അവയെ വായിച്ചുപോകാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലെ വരികൾക്കിടയിലുണ്ട്. പുസ്തകത്തിെൻറ പേരായിമാറിയ ലേഖനംതന്നെ നോക്കുക. പിതാവ് പവനന് ലഭിച്ച അസംഖ്യം കത്തുകൾ വീടിെൻറ മുകൾനിലയിലെ മുറിയിൽ കുന്നുകൂടിക്കിടക്കുന്നതിൽനിന്ന് പ്രസിദ്ധീകരണയോഗ്യമായ ചിലത് പരതിയെടുക്കാൻ തുനിയുേമ്പാഴാണ് എഴുത്തുകാരി കത്തുകളെക്കുറിച്ചും അവ ലോക സാഹിത്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് വഴുതുന്നത്. അങ്ങനെയാണ് ദസ്തയേവ്സ്കി ആദ്യകാമുകിയായ ഇസയേവക്കും പിന്നീട് തെൻറ ജീവിതത്തിലേക്കു വന്ന അന്നക്കും എഴുതിയ കത്തുകളിലെ പ്രണയാക്ഷരങ്ങളെക്കുറിച്ച് അവർ ഓർക്കുന്നത്. അതുപോലെ ജവഹർലാൽ നെഹ്റു, മകൾ ഇന്ദിരക്കെഴുതിയ കത്തുകൾ, ഇടപ്പള്ളി രാഘവൻ പിള്ളക്ക് ലഭിച്ച കാമുകിയുടെ വിവാഹക്ഷണക്കത്തും അതുവായിച്ച് തകർന്നുപോയ അദ്ദേഹത്തിെൻറ ആത്മഹത്യാക്കുറിപ്പുമെല്ലാം ആ മനസ്സിലേക്ക് ഓടിയെത്തുന്നു. ഇതോടൊപ്പംതന്നെ വിരഹത്തിെൻറ കണ്ണീരിൽ നനഞ്ഞ എസ്.എ. ജമീലിെൻറ കത്തുപാട്ടുകളെക്കുറിച്ചും ഇവിടെ വായിക്കാം. മാറിയ സാഹചര്യത്തിൽ ഇ-മെയിലും വാട്സ്ആപ്പും ഫേസ്ബുക്കും കവർന്നെടുത്ത കത്തുകളുടെ ലോകത്തെ കടുത്ത ഗൃഹാതുരത്വത്തോടെയാണ് ശ്രീരേഖ വരച്ചിടുന്നത്.
ലൈംഗികകാര്യങ്ങൾ സരസമായി സംസാരിക്കുന്ന ഒരു വികാരിയച്ചനെ ഹാസ്യാത്മകമായി വരച്ചിടുന്ന 'തൊട്ടേനെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനെ' എന്ന ലേഖനം നമ്മൾ വായിച്ച് അവസാനിപ്പിക്കുേമ്പാഴേക്കും അത് പൗരോഹിത്യം വെച്ചുപുലർത്തുന്ന കാപട്യത്തിന് എതിരായ ചിന്തകളായി മാറുന്നു. സമകാലിക സംഭവവികാസങ്ങളും അതിൽ മിന്നിമായുന്നുണ്ട്.
ആകാശവാണിയെക്കുറിച്ചും റേഡിയോയിൽനിന്ന് ഒരു കാലത്ത് ഒഴുകിവന്നിരുന്ന പഴയ പാട്ടുകളെക്കുറിച്ചും പുതിയ കാലത്തെ പെൻഡ്രൈവിനെക്കുറിച്ചുമെല്ലാം ചിന്തിച്ച് നഷ്ടബോധത്തിലേക്ക് പോകുകയാണ് 'കുങ്കുമപ്പൂവുകൾ പൂത്തു' എന്ന ലേഖനത്തിൽ. ലേഖികയുടെ കുട്ടിക്കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി അക്കാലത്തെ സൂപ്പർ സ്റ്റാർ സത്യൻ വീട്ടിലേക്കു വന്നതും ശ്രീരേഖയെ മടിയിലിരുത്തി വീട്ടിലെ റേഡിയോ കേട്ടിരുന്നതുമെല്ലാം വായിക്കുേമ്പാൾ അത് വായനക്കാരെൻറ മനസ്സിൽ വ്യക്തമായ ചിത്രങ്ങൾ കോറിയിടുന്നുണ്ട്. അതുതന്നെയാണ് ഇതിലെ ആഖ്യാനശൈലിയുടെ മേന്മയും.
പിതാവിെൻറ അടുത്ത കൂട്ടുകാരനായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്ക വീട്ടിലേക്ക് വരുന്നതും തമാശകൾകൊണ്ട് അവിടം പ്രകാശമാനമാക്കുന്നതും രസകരമായി വായിച്ചുപോകാവുന്ന സംഭവങ്ങളാണ്.
പുസ്തകത്തിലെ ഏറ്റവും വായനക്ഷമതയുള്ളതും വായനക്കാരിൽ ഉത്കണ്ഠയുളവാക്കുന്നതുമായ 'പൂമണം പരക്കുേമ്പാൾ, പൂനിലാവ് പരക്കുേമ്പാൾ' എന്ന ലേഖനത്തിൽ കഥാപാത്രങ്ങളായി വരുന്നത് പ്രേതവും യക്ഷിയും ഒടിയനുമൊക്കെയാണ്. ഒരു കാലത്ത് ആളൊഴിഞ്ഞ നാട്ടുവഴികളിലും നിശ്ശൂന്യത നടമാടുന്ന പാതിരയിലും ഭയത്തിെൻറ കാറ്റായി വീശിയിരുന്ന അമാനുഷിക സങ്കൽപങ്ങൾ ഇപ്പോഴും ഓർമയിലെത്തുന്നത് പ്രകൃതിയോടുള്ള സ്നേഹംകൊണ്ടായിരിക്കാം എന്നാണ് ലേഖിക സ്വയം കണ്ടെത്തുന്നത്.
'ഓരോ യാത്രയും അനുഭവങ്ങളാണ്, വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, ജീവിതശൈലികൾ ഇതൊക്കെ അറിയണമെങ്കിൽ യാത്രപോകണം' എന്ന് ആഹ്വാനംചെയ്യുന്ന ഈ പുസ്തകത്തിൽ ഹിമാലയം മുതൽ അമേരിക്ക വരെയുള്ള ഏതാനും ഭൂമികയെക്കുറിച്ചും അവയുടെ സൗന്ദര്യത്തെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. വെറുതെ പറഞ്ഞുപോകാതെ, ഏതോ അജ്ഞാതമായ ചേരുവചേർത്ത് ആസ്വാദ്യകരമാക്കിയാണ് എഴുത്തുകാരി ഈ ദേശങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. വിരസതയകറ്റാൻ മാത്രമല്ല, വേറിട്ടൊരു ചിന്തയിലേക്ക് വായനക്കാരെ ആനയിക്കാനും ഈ പുസ്തകത്തിനാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.