കുടുംബ വഴക്ക് ഒത്തുതീർക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ സി.ഐയും ഇടനിലക്കാരനും പിടിയിൽ
text_fieldsമുണ്ടക്കയം: കുടുംബ വഴക്കു ഒത്തു തീർക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സി.ഐയും ഇടനിലക്കാരനായ യുവാവും വിജിലൻസിൻ്റെ പിടിയിൽ. മുണ്ടക്കയം സി.ഐ. വി. ഷിബുകുമാറും ഇടനിലക്കാരനായി പ്രവർത്തിച്ച മുണ്ടക്കയം, ചെളിക്കുഴി സ്വദേശി സുധീപുമാണ് വിജിലൻസിൻ്റെ പിടിയിലായത്. സി.ഐ.യുടെ. ക്വാർട്ടേഴസിൽവച്ച് വിജിലൻസ് സംഘം തിങ്കളാഴ്ച രാത്രി 7.30 ഓടെ അറസ്റ്റ് ചെയ്തത്.
ഇളങ്കാട് വയലിൽ ജസ്റ്റിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിതാവ് വർക്കി നൽകിയ മൊഴിയെ തുടർന്ന് എടുത്ത കേസ് ഒത്തു തീർക്കാൻ ജസ്റ്റിനോട് സി.ഐ. ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപെട്ടു. ഇതിൻ്റെ ആദ്യ ഘട്ടമായി 50000 രൂപ നൽകിയപ്പോഴായിരുന്നു അറസ്റ്റ്. ഡിസംബറിൽ ഉണ്ടായ സംഭവത്തിൽ 60 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ജസ്റ്റിൻ ജോർജ് ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം നൽകിയത് .ഇതേ തുടർന്ന് എല്ലാ ദിവസവും സ്റ്റേഷനിൽ വിളിപ്പിച്ചു സി.ഐ. ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് ജസ്റ്റിൻ പറഞ്ഞു. ഇതിനിടയിൽ ജനുവരിയിൽ ജസ്റ്റിൻ്റെ മാതാവിനെ പിതാവ് മുറിയിൽ പൂട്ടിയിട്ട സംഭവവുമുണ്ടായി.
സി.ഐ. ക്കെതിരെ നിരവധി പരാതി ലഭിച്ചിരുന്നുവെന്നും ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും വിജിലൻസ് എസ്.പി. വിനോദ് കുമാർ മാധ്യമത്തോട് പറഞ്ഞു. 2014ൽ ഒരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴക്കൂട്ടത്തു വച്ചു അറസ്റ്റിലാവുകയും ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ഈ കേസിൽ സസ്പെൻഷനായിരുന്ന സി.ഐ.യെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നൂ.ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.