പ്രകൃതിവിരുദ്ധ പീഡനം: സി.ഐക്കെതിരെ പരാതി നൽകിയത് വിഡിയോ കോൾ റെക്കോഡ് സഹിതം
text_fieldsവർക്കല: വർക്കല അയിരൂർ മുൻ സി.ഐ ജയസനിലിനെതിരെ പ്രകൃതി വിരുദ്ധപീഡനത്തിന് യുവാവ് പരാതി നൽകിയത് സി.ഐയുടെ വീട്ടിൽനിന്ന് ചെയ്ത വിഡിയോ കോളിന്റെ റെക്കോഡ് സഹിതം. വർക്കല സ്വദേശിയും പോക്സോ കേസിലെ പ്രതിയുമായ യുവാവിന്റെ പരാതിയിലാണ് സി.ഐക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
അയിരൂർ പൊലീസ് സ്റ്റേഷനിൽ സി.ഐ ആയിരുന്ന ജയസനൽ ഇക്കഴിഞ്ഞ ഒക്ടോബർ 19ന് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ യുവാവിനെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പോക്സോ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടുമെന്നു ഭീഷണിപ്പെടുത്തി സി.ഐ നാട്ടിൽ എത്തിക്കുകയായിരുന്നു. ഒരു അഭിഭാഷകന്റെ മധ്യസ്ഥതയിൽ കേസ് ഒത്തുതീർപ്പ് ആക്കാമെന്നും ഇതിന് നാല് ലക്ഷം രൂപ നൽകണമെന്നും യുവാവിന്റെ സഹോദരനോട് സി.ഐ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ, നാല് ലക്ഷം രൂപ നൽകാനുള്ള സാമ്പത്തിക ചുറ്റുപാട് തനിക്കെല്ലെന്ന് വ്യക്തമാക്കിയ യുവാവ് 65,000 രൂപ അഭിഭാഷകന് അക്കൗണ്ട് വഴി അയച്ചു നൽകി.
ഒക്ടോബർ 18ന് ഉച്ചയോടെ വിദേശത്ത് നിന്നും വീട്ടിൽ എത്തിയ യുവാവ് വക്കീൽ മുഖേന സി.ഐയെ ബന്ധപ്പെട്ടു. നാട്ടിൽ എത്തിയത് ആരും അറിയരുതെന്നും ഫോണിൽ ആരോടും സംസാരിക്കരുതെന്നും വക്കീൽ മുഖേനെ യുവാവിനെ ധരിപ്പിച്ചു. രാത്രി എട്ടോടെ സി.ഐയുടെ താമസ സ്ഥലത്ത് എത്തണമെന്നും 50,000 നൽകണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് പണവുമായി യുവാവ് ക്വാർട്ടേഴ്സിലെത്തിയത്രെ.
മൊബൈൽ ഫോൺ എടുക്കാതെ വരണമെന്ന് പ്രത്യകം നിർദേശിച്ചിരുന്നു. ഏറെനേരം സംസാരിച്ചിരുന്ന ശേഷം രാത്രി യുവാവിനോട് സി.ഐക്കൊപ്പം വീട്ടിൽ തങ്ങാൻ അവശ്യപ്പെട്ടുവെന്നും രാത്രി സി.ഐയുടെ സ്വഭാവ രീതി മാറുകയും തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവാവിന്റെ മൊഴി.
ദുരനുഭവം ഉണ്ടായപ്പോൾ സഹോദരനെ ഫോണിൽ വിളിച്ചു സംസാരിക്കാൻ സി.ഐയുടെ മൊബൈൽ നൽകിയത്രെ. ഇതിൽനിന്നും വീഡിയോ കോൾ ചെയ്തപ്പോൾ യുവാവിന്റെ സഹോദരൻ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഡിയോ ദൃശ്യങ്ങൾ സഹിതമാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
യുവാവ് പീഡന വിവരം പുറത്ത് പറയുമോ എന്ന ഭയത്താൽ പിറ്റേന്ന് പുലർച്ചെ യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പോക്സോ കേസിൽ റിമാൻഡ് നടപടികൾ സ്വീകരിക്കുകയുമായിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട യുവാവ് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വിഡിയോ തെളിവ് സഹിതം ഉന്നതാധികാരികൾക്ക് പരാതി നൽകിയത്.
യുവാവിന്റെ ജാമ്യാപേക്ഷയിലും പീഡനവിവരം കോടതിയെ ബോധിപ്പിച്ചിരുന്നു. വകുപ്പ് തല അന്വേഷണം നേരിടുന്ന സി.ഐക്കെതിരെ ഈ സംഭവത്തിൽ കേസ് എടുക്കാൻ റുറൽ എസ്.പി നിർദ്ദേശിക്കുകയും ചെയ്തു. എസ്.പിയുടെ നിർദ്ദേശാനുസരണം കേസ് അന്വേഷിക്കുന്നതിനായി പ്രത്യക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസനാണ് അന്വേഷണ ചുമതല.
അടുത്തിടെ ഏതാനും മാസം മാത്രമാണ് ജയസനൽ അയിരൂർ സ്റ്റേഷനിൽ സേവനം അനുഷ്ടിച്ചത്. ഈ കാലയളവിൽ കൈക്കൂലി ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് നേരിട്ടത്. തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് നാദാപുരം സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സ്ഥലം മാറ്റിയ ശേഷം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.