എൽഎൽ.ബി കോപ്പിയടിക്കിടെ പിടിയിലായ സി.ഐക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിൽ എൽഎൽ.ബി പരീക്ഷക്കിടെ കോപ്പിയടിച്ചതിന് സർവകലാശാല സ്ക്വാഡ് പിടികൂടിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിങ് കോളജിലെ ലോ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പൊലീസ് ട്രെയിനിങ് കോളജിന്‍റെ സൽപ്പേരിന് കളങ്കമായെന്ന് ആദർശിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിങ് കോളജിൽനിന്ന് മാറ്റാനും നിർദേശിച്ചു.
കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ച പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സേനാംഗത്തിന് ചേരാത്ത പ്രവൃത്തി ആദർശിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. എൽഎൽ.ബി വിദ്യാർഥിയായിരുന്ന ആദർശ് പൊലീസ് ട്രെയിനികൾക്ക് നിയമം സംബന്ധിച്ച ക്ലാസ് എടുത്തതും വിവാദമായിരുന്നു. എൽഎൽ.ബി പബ്ലിക് ഇന്‍റർനാഷനൽ ലോ പേപ്പറിന്‍റെ പരീക്ഷക്ക് കോപ്പിയടിച്ചതിന് സർവകലാശാല സ്ക്വാഡ് ദിവസങ്ങൾക്ക് മുമ്പാണ് ആദർശിനെ പിടികൂടിയത്.
സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ കെ.എൽ. ജോൺകുട്ടിയെ ഡി.ജി.പി അനിൽകാന്ത് ചുമതലപ്പെടുത്തി. അതിന്‍റെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല പരീക്ഷ കൺട്രോളർ, ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ കത്ത് നൽകി. കോപ്പിയടിച്ചതിന് പരിശോധകസംഘം ആദർശിനെ പിടികൂടിയതായി സർവകലാശാലയും കോളജ് അധികൃതരും മറുപടി നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ കോപ്പിയടി സ്ഥിരീകരിച്ച് പി.ടി.സി പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചു.
കോപ്പിയടിച്ചതിന് ആദർശ് ഉൾപ്പെടെ നാലുപേരെയാണ് സർവകലാശാല സ്ക്വാഡ് പിടികൂടിയത്. ലോ അക്കാദമിയിലെ ഈവനിങ് ബാച്ചിൽ പഠിക്കുന്നതിലേറെയും സർക്കാർ ഉദ്യോഗസ്ഥരാണ്. കോപ്പിയടിക്ക് പിടിക്കപ്പെട്ട മറ്റുള്ളവരും സർക്കാർ ഉദ്യോഗസ്ഥരാകാൻ സാധ്യതയുള്ളതിലാണ് വിവരം രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് സൂചന. എന്നാൽ പിടിയിലായ രണ്ടുപേർ റെഗുലർ വിദ്യാർഥികളാണെന്ന സൂചനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.