സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ തുറന്നു
text_fieldsനെടുമ്പാശ്ശേരി: പൊതുമേഖലയിലെ കമ്പനികള്‍ മാതൃകപരമായും കാലോചിതമായും മുമ്പോട്ടുകൊണ്ടുപോയാൽ നാടിന്‍റെ പുരോഗതിക്ക് ആക്കംകൂട്ടാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകള്‍, റെയില്‍ ഗതാഗതം, ജലഗതാഗതം, വ്യോമഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞാലേ നാം വിഭാവനം ചെയ്യുന്ന വ്യാവസായിക മുന്നേറ്റം സാധ്യമാവൂ. ഇതിനുതകുന്ന പദ്ധതികള്‍ ഈ നാല് മേഖലകളിലും ആവിഷ്ക്കരിച്ച് മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂര്‍ത്തിയാക്കാനും സിയാലിന് കഴിയുന്നുണ്ട്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത് കൊച്ചി വിമാനത്താവളമാണെന്നത് ഏറെ ശ്രദ്ധേയമാണ്.
കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം ദേശീയ ശരാശരിക്കും മുകളിലാണ്. ചുരുങ്ങിയ ബജറ്റിൽ 10 മാസത്തിനുള്ളിൽ ബിസിനസ് ജെറ്റ് ടെർമിനൽ പൂർത്തിയാക്കിയ സിയാലിന്റെ വൈദഗ്ധ്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മന്ത്രി പി.രാജീവ് അധ്യക്ഷതവഹിച്ചു. സിയാൽ ഡയറക്ടർ എം.എ. യൂസുഫലി ആമുഖ പ്രഭാഷണം നടത്തി. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ഇ.കെ. ഭരത്ഭൂഷൻ, അരുണ സുന്ദരരാജൻ, റെജി മാത്യു, പി.വി. കുഞ്ഞ്, കെ.സി. മാർട്ടിൻ, ഗ്രേസി ദയാനന്ദൻ, ശോഭ ഭരതൻ എന്നിവർ സംസാരിച്ചു. സിയാൽ എം.ഡി എസ്. സുഹാസ് സ്വാഗതവും എക്‌സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.