ജലവൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് സിയാൽ; ആദ്യ പദ്ധതിയുടെ ഉദ്ഘാടനം നവംബർ ആറിന്
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേക്ക്. സിയാലിന്‍റെ നിർമാണം പൂർത്തിയായ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാന വൈദ്യുതി വകുപ്പിന്‍റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ശേഷി. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അവിടെനിന്ന് അര കിലോമീറ്റർ അകലെ അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവ്.
സിയാലിന്‍റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണകെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവാണ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂർണതോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും.
വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉൽപ്പാദനം സാധ്യമാകും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നൽകും. നവംബർ ആറിന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കും.
തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.