ഹജ്ജ് തീർഥാടകർക്ക് വിപുലമായ സൗകര്യം ഒരുക്കി സിയാൽ
text_fieldsനെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ സിയാൽ ഒരുക്കി. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം.
സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർഥനാ ഹാൾ, 60 ടോയ്‌ലെറ്റുകൾ, 40 ഷവർ റൂമുകൾ, 152 പേർക്ക് ഒരേസമയം വുളു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫിസ്, പാസ്‌പോർട്ട് പരിശോധനാ കേന്ദ്രം, ഹജ്ജ് സെൽ ഓഫിസ്, ഹജ്ജ് കമ്മറ്റി ഓഫിസ് എന്നിവ ക്യാമ്പിൽ സിയാൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം, ഹാജിമാർക്ക് ഏറ്റവും മികച്ച രീതിയിൽ തീർഥാടന യാത്ര നടത്താനുള്ള സൗകര്യമാണ് സിയാൽ ഹജ്ജ് ക്യാമ്പിൽ ഒരുക്കിയതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു.
ജൂൺ ഏഴ് മുതൽ 21 വരെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് പ്രത്യേക ഹജ്ജ് സർവിസ് നടത്തുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള 163 തീർഥാടകർ ഉൾപ്പെടെ മൊത്തം 2407 ഹാജിമാർ ഇത്തവണ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തീർഥാടനത്തിന് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.