സിയാലിന് സ്വപ്നനേട്ടം; ഒരു വർഷം ഒരു കോടി യാത്രക്കാർ
text_fieldsകൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ചരിത്ര നേട്ടം. 2017-18 സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. സിയാലിെൻറ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ വിമാനത്താവളം ഉപയോഗിക്കുന്നത്.
ബുധനാഴ്ച ഉച്ചക്ക് 12.20ന് ചെന്നൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെ 175 യാത്രക്കാർ എത്തിയതോടെയാണ് ഈ നേട്ടം സിയാൽ സ്വന്തമാക്കിയത്. ഒരു കോടി തികഞ്ഞ യാത്രക്കാരുടെ പ്രതിനിധിയെ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ സ്വീകരിച്ച് ഒരു പവൻ സ്വർണ നാണയം സമ്മാനിച്ചു. ഇൻഡിഗോ എയർപോർട്ട് മാനേജർ റോബി ജോണിന് ഉപഹാരം നൽകി. 2016-17 സാമ്പത്തികവർഷം 89.41 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. ശേഷിക്കുന്ന മൂന്നു ദിവസത്തെ കണക്ക് മാറ്റിനിർത്തിയാൽ 11 ശതമാനത്തോളമാണ് വളർച്ച.
നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17ൽ ഇത് 39.42 ലക്ഷമായിരുന്നു. വിമാനസർവിസുകളുടെ എണ്ണത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാംസ്ഥാനവും സിയാലിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.