സിയാൽ റൺവേക്ക് പുതിയ വെളിച്ച വിതാനം
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക റൺവേ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-മൂന്ന് റൺവേ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ സ്വിച്ഓൺ നിർവഹിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതി സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യിക്കാൻ കാറ്റഗറി-മൂന്ന് ലൈറ്റിങ് സഹായിക്കും.
എയ്റോനട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ് (എ.ജി.എൽ) എന്ന റൺവേയിലെ വെളിച്ചവിതാനത്തിെൻറ ഏറ്റവും ഉയർന്ന വിഭാഗമാണ് കാറ്റഗറി-മൂന്ന്. ദക്ഷിണേന്ത്യയിൽ ബംഗളൂരു വിമാനത്താവള റൺവേക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം മുടക്കി നടത്തിയ റൺവേ പുനരുദ്ധാരണ പദ്ധതിക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിർവഹിച്ചത്.
റൺവേ, ടാക്സി വേ, ടാക്സി ലിങ്കുകൾ, പാർക്കിങ് ബേ എന്നിവ മുഴവനും ഏറ്റവും ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴവന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റൺവേയും അനുബന്ധ പാതകളും വ്യക്തമായി കാണാൻ കഴിയും. മഴക്കാലത്തും പുകമഞ്ഞുള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതൽ ലാൻഡിങ്, പാർക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാൻ കാറ്റഗറി-മൂന്ന് ലൈറ്റിങ് സംവിധാനം സഹായിക്കും. റൺവേയുടെ മധ്യരേഖയിൽ 30 മീ. ഇടവിട്ടുള്ള ലൈറ്റിങ് 15 മീ. ഇടവിട്ടാക്കിയിട്ടുണ്ട് .
റൺവേയുടെ അരികുകൾ, വിമാനം ലാൻഡ് ചെയ്യുന്ന ഭാഗത്തെ 900 മീ. ദൂരം, റൺവേ അവസാനിക്കുന്ന ഭാഗം, ടാക്സിവേ, അഞ്ച് ടാക്സിവേ ലിങ്കുകൾ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. കൂടാതെ ഏപ്രണിലെ മുഴുവൻ മേഖലയിലും മാർഗനിർദേശ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി മൊത്തം മൂന്നുലക്ഷം മീറ്ററോളം കേബിൾ ഇടേണ്ടിവന്നു. ലൈറ്റിങ് സംവിധാനം തകരാറിലായാൽ ഉടൻതന്നെ സമാന്തര സംവിധാനം പ്രവർത്തിച്ചുതുടങ്ങും. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ജന. മാനേജർ പി.ജെ. ടോണി, സീനിയർ മാനേജർ സ്കറി ഡി പാറയ്ക്ക തുടങ്ങിയവർ സ്വിച്ഓൺ കർമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.