സിഗരറ്റ് കാറിനടുത്ത് എത്തിച്ചില്ല; അംഗപരിമിതന്റെ സ്റ്റേഷനറിക്കട തകർത്തു
text_fieldsഅഞ്ചൽ: കാറിനടുത്തെത്തി സിഗരറ്റ് നൽകാത്തതിന് അംഗപരിമിതന്റെ സ്റ്റേഷനറിക്കട കാറിടിച്ച് തകർത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂർ ആയുർവേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം. ആയൂർ സ്വദേശി സദ്ദാമാണ് കട തകർത്തത്. കാർ നിർത്തിയ ശേഷം കടയുടമയായ മോഹനനോട് സിഗററ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത ആളാണെന്ന് പറഞ്ഞെങ്കിലും വകവയ്ക്കാതെ കാർ ഇടിച്ചു കയറ്റി കട തകർത്തുവെന്നാണ് മോഹനന്റെ മൊഴി.
ഗുരുതരമായി പരിക്കേറ്റ മോഹനനെ സമീപത്തെ കടകളിലുണ്ടായിരുന്നവർ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മോനിഷ്, ദിലീപ്, അസി.എസ്.ഐ ശ്രീകുമാർ ,ഗ്രേഡ് എസ്.ഐ അലക്സ്, സി.പി.ഒ ജംഷദ് എന്നിവരടങ്ങിയ പൊലീസ് സംഘം ആയൂരിൽ നിന്ന് സദ്ദാമിനെയും, കട ഇടിച്ചു തകർക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലൈറ്റർ നൽകിയില്ല; സ്കൂട്ടറിൽ നിന്ന് തള്ളിയിട്ട്പൊതുപ്രവർത്തകനെ മർദിച്ചു
കൊട്ടിയം: ലൈറ്റർ നൽകാത്തതിനു പൊതുപ്രവർത്തകനെ സ്കൂട്ടറിൽ നിന്ന് തള്ളിയിട്ട ശേഷം മർദിച്ചതായി പരാതി. പ്രവാസി ലീഗ്, കെ.എം.സി.സി, കൊട്ടിയം പൗരവേദി സംഘടനകളുടെ പ്രവർത്തകൻ കൊട്ടിയം ബൈത്തുൽ നൂറിൽ കൊട്ടിയം നൂറുദീനാണ് (50) മർദനമേറ്റത്.
ഞായറാഴ്ച രാത്രി പത്തോടെ സ്കൂട്ടറിൽ കുടുംബ വീട്ടിലേക്ക് പോകുന്ന വഴി കൊട്ടിയം പ്രതിഭ ലൈബ്രറിക്ക് സമീപം ലഹരിക്ക് അടിമകളായ രണ്ടു യുവാക്കൾ സ്കൂട്ടർ തടഞ്ഞ് ലൈറ്റർ ആവശ്യപ്പെട്ടു.
നൽകാത്തതിനെ തുടർന്ന് സ്കൂട്ടറിൽ നിന്നും തള്ളിയിട്ട ശേഷം നിലത്തിട്ടു മർദിക്കുകയായിരുന്നു. ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് അദ്ദേഹത്തെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിനുത്തരവാദികളായവരെ അടിയന്തരമായി പിടികൂടണമെന്ന് കൊട്ടിയം പൗര വേദിയും, റൈസിങ് കൊട്ടിയവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.