ഹേമ കമീഷൻ ശിപാർശകൾ നടപ്പാക്കാൻ സിനിമ കോൺക്ലേവ് നടത്തും -മന്ത്രി സജി ചെറിയാൻ
text_fieldsആലപ്പുഴ: ഹേമ കമീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിന്‍റെ കാര്യത്തിൽ സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാർ നിലപാട് തന്നെയാണ് ഹൈകോടതിയും പറഞ്ഞിരിക്കുന്നത്. ഹേമ കമീഷൻ റിപ്പോർട്ടിലെ ശിപാർശകളടക്കം കാര്യങ്ങൾ നടപ്പാക്കാൻ കേരളത്തിൽ സിനിമ കോൺക്ലേവ് നടത്തും. അതിന്‍റെ തീയതി ആയിട്ടുണ്ട്. കോൺക്ലേവിലെ ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സിനിമ നയം രൂപവത്കരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സിനിമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഇന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്‍റെ ഉത്തരവ്. എന്നാൽ, റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി ഹൈകോടതി നീട്ടിയുണ്ട്.
സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമീഷനാണ് ഹേമ കമ്മിറ്റി. 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് അതേ വർഷം ജൂലൈ ഒന്നിന് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി സർക്കാർ ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. രണ്ടു വർഷത്തെ പഠനത്തിനു ശേഷം 2019 ഡിസംബർ 31നാണ് റിപ്പോർട്ട് പൂർത്തിയാക്കി കമ്മിറ്റി അധ്യക്ഷയും ഹൈകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഹേമ ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
അന്നുമുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമയിലെ സ്ത്രീപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതും വിവരാവകാശ കമീഷന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സ്ഫോടനാത്മകമായ റിപ്പോർട്ട് പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് തയാറാവുന്നത്. എന്നാൽ വിവരാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമ നിർമാതാവായ എറണാകുളം സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹരജിയിൽ സ്റ്റേ ചെയ്തിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷന് നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.