സിനിമ നയസമിതി പുനഃസംഘടിപ്പിക്കും; കോൺക്ലേവ് നീട്ടും
text_fieldsതിരുവനന്തപുരം: സിനിമ നയം രൂപവത്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിശ്ചയിച്ച പത്തംഗ സമിതി സർക്കാർ പുനഃസംഘടിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലും സമിതിയിലുണ്ടായിരുന്ന ചിലർ അസൗകര്യം അറിയിച്ചതിന്റെയും സമിതിയുടെ ഘടന സംബന്ധിച്ച് ഇടത് സിനിമ സഹയാത്രികർ തന്നെ പരാതിയുമായി സി.പി.എം നേതൃത്വത്തെ സമീപിച്ച സാഹചര്യത്തിലുമാണ് പുനഃസംഘടന.
ഹേമ കമ്മിറ്റി ശിപാർശകൂടി പരിഗണിച്ച് രണ്ട് മാസത്തിനകം സിനിമ നയത്തിന്റെ നിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ച് 2023 ജൂലൈയിലാണ് ഷാജി എൻ. കരുൺ അധ്യക്ഷനായി സമിതിയെ നിശ്ചയിച്ചത്. ഷാജി എൻ കരുണിന് പുറമെ സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, എം.എൽ.എയും നടനുമായ എം. മുകേഷ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടിമാരായ മഞ്ജു വാര്യർ, പത്മപ്രിയ, നിഖില വിമൽ, ഛായാഗ്രാഹകൻ രാജീവ് രവി, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരായിരുന്നു അംഗങ്ങൾ.
സമിതി കൺവീനറായി സാംസ്കാരിക വകുപ്പ് നിശ്ചിയിച്ച മിനി ആന്റണി സർവിസിൽനിന്ന് വിരമിച്ച് പുതിയ സെക്രട്ടറി ചുമതലയേറ്റിട്ടും അവരുടെ പേര് നീക്കിയിട്ടില്ല. മഞ്ജു വാര്യരും രാജീവ് രവിയും നേരത്തേതന്നെ സമിതിയിൽനിന്ന് ഒഴിവായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എ മുകേഷിനെ സമിതിയിൽ നിന്നൊഴിവാക്കാൻ ധാരണയായിട്ടുണ്ട്. സമിതി ചെയർമാനായ ഷാജി എൻ. കരുണിനെയും അംഗമായ ബി. ഉണ്ണികൃഷ്ണനെയും ഒഴിവാക്കണമെന്ന് ഇടത് സിനിമ സഹയാത്രികരിൽ നിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും സി.പി.എമ്മോ സാംസ്കാരിക വകുപ്പോ തീരുമാനമെടുത്തിട്ടില്ല.
സമിതി അധ്യക്ഷ സ്ഥാനത്ത് ഷാജി എൻ. കരുണിനെ നിയമിച്ചതിൽ പരസ്യ വിമർശനമായി ഇടതുപക്ഷ സിനിമ സഹയാത്രികർ തന്നെ രംഗത്തെത്തിയത് സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്. ചലച്ചിത്രനയം രൂപവത്കരിക്കാനുള്ള ചുമതല നിർവഹിക്കേണ്ടത് ചലച്ചിത്ര അക്കാദമിയാണെന്നും ചലച്ചിത്ര വികസന കോർപറേഷനല്ലെന്നുമാണ് ഇടത് സിനിമ പ്രവർത്തകരുടെ വാദം. അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നുതന്നെ ചലച്ചിത്ര നയം രൂപവത്കരിക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും ഇത് സർക്കാറിനെ ബോധ്യപ്പെടുത്താനും ഓർമപ്പെടുത്താനും അക്കാദമി ഭരണസമിതിക്ക് കഴിയാതെ വന്നതുകൊണ്ടാണ് കെ.എസ്.എഫ്.ഡി ചെയർമാൻ ഷാജി എൻ. കരുണിനെ നയ രൂപവത്കരണ ചുമതല ഏൽപിച്ചതെന്നും സി.പി.എം സഹയാത്രികനും പ്രമുഖ നിരൂപകനും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ വി.കെ. ജോസഫ് വിമർശിച്ചു.
അക്കാദമി മുൻ ചെയർമാൻമാർ, ഫിലിം സൊസൈറ്റി ഫെഡറേഷൻ പ്രതിനിധികൾ, ചലച്ചിത്ര നിരൂപകർ, ചലച്ചിത്ര വ്യവസായത്തിലെ പ്രതിനിധികൾ തുടങ്ങിയവർ അടങ്ങുന്ന കമ്മിറ്റിയാണ് ചലച്ചിത്രനയം രൂപവത്കരിക്കേണ്ടതെന്നും കെ.എസ്.എഫ്.ഡി.സി അല്ല ചലച്ചിത്ര അക്കാദമിയാണ് ഇതിന് നേതൃത്വം നൽകേണ്ടതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ജനകീയ ചർച്ചയിലൂടെ വേണം സിനിമനയം രൂപപ്പെടുത്തേണ്ടതെന്നാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആവശ്യം.
സമിതി പൊളിച്ചെഴുതുന്നതോടെ നവംബർ 23ന് നിശ്ചയിച്ചിരുന്ന സിനിമ കോൺക്ലേവ് നീട്ടിവെക്കാനും ആലോചിക്കുന്നുണ്ട്. ഇരയെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവിനെതിരെ വിമർശനമുയർത്തി സിനിമയിലെ വനിത സംഘടനയായ ഡബ്ല്യു.സി.സിയും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ സിനിമ സംഘടനകളുമായി ചർച്ച നടത്തി സമവായത്തിലെത്തിയശേഷമേ കോൺക്ലേവ് നടത്തൂയെന്നാണ് വിവരം. നവംബർ 20 മുതൽ 28വരെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന സാഹചര്യത്തിലാണ് കോൺക്ലേവ് നീട്ടുന്നകാര്യം പരിഗണിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.