ബലാത്സംഗ പരാതിയിൽ കസ്റ്റഡിയിലായ സി.ഐ സുനുവിനെ വിട്ടയച്ചു
text_fieldsകൊച്ചി: ബലാത്സംഗ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെ വിട്ടയച്ചു. അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിട്ടയച്ചത്. നാളെ രാവിലെ 10 മണിക്ക് സുനുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത സി.ഐ പി.ആർ. സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും രക്ഷപ്പെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും കമീഷണർ നാഗരാജു പറഞ്ഞിരുന്നു. സി.ഐക്കെതിരായ ബലാത്സംഗ പരാതി ഗുരുതരമാണ്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്. ബലാത്സംഗ പരാതിയിൽ നിരവധി ആളുകളുടെ പേരുകളുണ്ട്. അവരെയെല്ലാം കണ്ടെത്താനും സാഹചര്യത്തെളിവുകൾ ശേഖരിക്കാനും കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്. അച്ചടക്കം പാലിക്കേണ്ട ഉദ്യോഗസ്ഥനാണ്. അതിനാലാണ് ഇദ്ദേഹത്തെ വേഗം കസ്റ്റഡിയിൽ എടുത്തതെന്നും കമീഷണർ പറഞ്ഞു.
തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത പരാതിയിലാണ് ബേപ്പൂർ കോസ്റ്റൽ സി.ഐ സുനുവിനെ തൃക്കാക്കാര പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പു കേസിൽ അകപ്പെട്ട ഭർത്താവിനെ രക്ഷിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സുനുവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. തൃക്കാക്കര സി.ഐ ആണെന്ന് പറഞ്ഞ് സുനു യുവതിയെ കബളിപ്പിക്കുകയും ചെയ്തിരുന്നു.
പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.