രാജ്യത്ത് വിഭജനകാലത്തെ ഓർമിപ്പിക്കുന്ന സാഹചര്യങ്ങൾ -സുനിൽ പി. ഇളയിടം
text_fieldsപത്തനംതിട്ട: രാജ്യത്ത് വിഭജനകാലത്തെ ഓർമിപ്പിക്കുന്ന സാഹചര്യങ്ങളെന്ന് ചിന്തകൻ സുനിൽ പി. ഇളയിടം. വൈവിധ്യപൂർണമായ ജനജീവിതത്തെ കൈയേറാൻ ഭരണകൂടം ശ്രമിക്കുകയാണ്. മതരാഷ്ട്രത്തിന്‍റെ യുക്തികളെ ഭരണകൂടം ഏറ്റെടുത്ത് ഭൂരിപക്ഷത്തിന്‍റെ മതമാണ് ദേശീയത എന്ന അവബോധം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനിൽ പി. ഇളയിടം.
ഹിന്ദുത്വശക്തികൾ എന്നും ബ്രിട്ടീഷുകാർക്കൊപ്പമാണ് നിലകൊണ്ടത്. അവരുടെ മതതാത്മക ദേശീയ സങ്കൽപത്തെ പിന്തള്ളിയാണ് മതനിരപേക്ഷ ദേശീയ സങ്കൽപത്തെ രാഷ്ട്രം അംഗീകരിച്ചത്. എന്നാൽ, ഇപ്പോൾ വീണ്ടും അതിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ്. വ്യത്യാസങ്ങളെ നിലനിർത്തി ഏകീകൃത സമൂഹമായി നിലനിൽക്കാൻ രാഷ്ട്രത്തിന് കഴിയും. എന്നാൽ, ഈ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കാനാണ് ആസൂത്രിതശ്രമം. എങ്ങും ഫാഷിസത്തിന്‍റെ അലയൊലികൾ കടന്നുവരുന്നു. വ്യത്യസ്തതകളിൽ ജീവിക്കുന്ന ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വ്യത്യസ്തതകളെ കൊണ്ടുനടക്കാനും നിലനിർത്താനും അവകാശമുണ്ട്. മതനിരപേക്ഷതയുടെ അഭാവത്തിൽ രാഷ്ട്രത്തിന് നിലനിൽപില്ല. രാഷ്ട്രം നിലനിൽക്കണമെങ്കിൽ അതിന്‍റെ ജീവവായുവാണ് മതനിരപേക്ഷത. ഇന്ത്യ ഇന്നത്തെ നിലയിൽ രാജ്യമായി നിലനിൽക്കണോ വേണ്ടയോ എന്ന അടിസ്ഥാനപരമായ ചോദ്യം ഉയർന്നുവരുന്നു -അദ്ദേഹം പറഞ്ഞു.
പാർലമെന്ററി ജനാധിപത്യമെന്ന് അവകാശപ്പെടാമെങ്കിലും ഇന്ന് പാർലമെന്റിലെ നിയമനിർമാണങ്ങൾ എല്ലാം ഏകപക്ഷീയമായി നിർമിക്കപ്പെടുകയാണ്. കൈയൂക്കിന്‍റെ പിൻബലത്തിൽ അധികാര കേന്ദ്രീകൃതം ലക്ഷ്യമാക്കിയ ഭരണ സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് നാം ഭയപ്പെടണം. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെയും ഉള്ള് പൊള്ളയായി മാറുന്നു. ചരിത്രത്തെ വക്രീകരിച്ചും പുതിയ ചരിത്രം രചിച്ചും ജനാധിപത്യംതന്നെ ഇല്ലാതാക്കാനാണ് ശ്രമം. ഇതിനെതിരായി ഉയർന്നുവരുന്ന പൊളിറ്റിക്കൽ ഇസ്ലാമിസം മറ്റൊരു ആപത്താണ്. അത്തരത്തിലെ തീവ്രവാദംകൊണ്ട് ഈ ദുഷ്ടശക്തികളെ നേരിടാനാവില്ല. ജനാധിപത്യപരമായ രീതിയിൽ ശക്തമായ ചെറുത്തുനിൽപിന് നാട് ഉണരേണ്ടതുണ്ടെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.
യോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് അധ്യക്ഷത വഹിച്ചു. ജെയ്ക് സി. തോമസ് രക്തസാക്ഷി പ്രമേയവും ഗ്രീഷ്മ അജയഘോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മന്ത്രി വീണ ജോർജ്, കേന്ദ്രകമ്മിറ്റി നേതാക്കളായ അവോയ് മുഖർജി, എ.എ. റഹീം, പ്രീതി ശേഖർ തുടങ്ങിയവർ സംബന്ധിച്ചു. കെ.പി. ഉദയഭാനു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.