മൂഫിയയുടെ ആത്മഹത്യ: സി.ഐയുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് സമരത്തിന്‍റെ വിജയം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറായത് കോണ്‍ഗ്രസിന്‍റെ പോരാട്ടത്തെ തുടര്‍ന്നാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയനായ സി.ഐയെ ആദ്യം തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടണമായിരുന്നു. വൈകിയെങ്കിലും സി.ഐയെ സസ്‌പെൻഡ് ചെയ്ത നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടം ജലപീരങ്കിയും ഗ്രനേഡും ലാത്തിചാര്‍ജും നടത്തി തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ പൊലീസ് ശ്രമിച്ചത്.
സമരത്തിന് നേതൃത്വം നല്‍കിയ ആലുവ എം.എല്‍.എ കൂടിയായ അന്‍വര്‍ സാദത്ത്, എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, റോജി എം. ജോണ്‍ എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളെയും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെയും കെ.പി.സി.സി പ്രത്യേകം അഭിനന്ദിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സി.ഐക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നൽകി പിണറായി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് പ്രഹസന അന്വേഷണം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് തുനിഞ്ഞത്. പൊലീസിലെ ക്രിമനലുകള്‍ക്കെതിരെ പെലീസ് തന്നെ അന്വേഷിച്ചാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുമ്പോള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സുധാകരന്‍ പറഞ്ഞു.
സ്ത്രീസുരക്ഷ പറഞ്ഞ് സി.പി.എം അധികാരത്തിലെത്തിലേറിയ ശേഷം സ്ത്രീസുരക്ഷ കാറ്റില്‍പ്പറത്തി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്. സ്ത്രീകളും പെണ്‍കുട്ടികളും പീഡിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. വാതുറന്നാല്‍ ന്യായീകരിച്ച് അപകടത്തിലാകുമെന്ന ബോധ്യം മുഖ്യമന്ത്രിക്ക് ഉള്ളത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാന്‍ തയാറാകാത്തത്.
മൂഫിയ പര്‍വീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസന്വേഷണം നീതിപൂർവമായിരിക്കണം. ജനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗ് ഈ കേസിലുണ്ടാകും. കുറ്റക്കാരെ സംരക്ഷിക്കാനായി അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ മൂഫിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് വീണ്ടും പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.