പൗരത്വ പ്രക്ഷോഭം: പിൻവലിച്ചത് 629 കേസ്, പ്രതിപക്ഷ നേതാവിന്റെ ഉപദേശം വേണ്ട -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ 629 എണ്ണം കോടതിയിൽനിന്ന് ഇല്ലാതായി കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി പരിഗണനയിൽ 206 കേസുണ്ട്. 84 കേസ് പിൻവലിക്കാൻ സമ്മതം സർക്കാർ അറിയിച്ചിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് കോടതിയാണ്. അന്വേഷണഘട്ടത്തിലുള്ളത് ഒരു കേസ് മാത്രമാണ്. തീരുമാനിച്ചതു കൊണ്ടുമാത്രം കേസ് പിൻവലിക്കില്ല. കേസ് തീർപ്പാക്കാൻ സർക്കാറിൽ അപേക്ഷ നൽകേണ്ടത് പ്രധാനമാണ്. ബന്ധപ്പെട്ടവർ അപേക്ഷ സമർപ്പിക്കുന്ന മുറക്ക് കേസ് പിൻവലിക്കും. അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകളേ ഇനി പിൻവലിക്കാതെയുള്ളൂവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംഘ്പരിവാറിന്റെ നിലപാടേ വിജയിക്കൂ, നിങ്ങൾ വാശി പിടിച്ചിട്ട് കാര്യമില്ലെന്നു പ്രതിപക്ഷ നേതാവ് ഉപദേശിച്ചാൽ തൽക്കാലം അതു സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. സർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നുണ്ട്. ജനങ്ങൾ ജനങ്ങളുടേതായ മാർഗവും സ്വീകരിക്കും. പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനും അദ്ദേഹം തിരിച്ചടിച്ചു. കോൺഗ്രസിൽനിന്ന് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് മറ്റുള്ളവരുടെ ശ്രമഫലമാണെന്നു പറയുന്ന പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ഒരു മാസത്തിനിടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ നേതാക്കളുടെ പട്ടിക നോക്കിയാൽ മതി. 12 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ഇപ്പോൾ ബി.ജെ.പിയിലുള്ളത്. ഇതിനു പുറമെ, സംസ്ഥാന അധ്യക്ഷരും എ.ഐ.സി.സിയുടെ പ്രധാനികളുമെല്ലാം ബി.ജെ.പി പാളയത്തിലെത്തി. ഇപ്പോഴും നേതാക്കൾ പോകാൻ നിൽക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.