പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കൽ വേഗത്തിലാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സി.എ.എ) വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം.
മുസ്‍ലിം സംഘടനകളും പ്രതിപക്ഷപാർട്ടികളും ഉൾപ്പെടെ കേസുകള്‍ പിൻവലിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്ന് തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചുവെന്ന് ഉറപ്പാക്കണം. ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകണമെന്ന് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നിർദേശിച്ചു. കേസുകൾ പിൻവലിക്കാൻ സർക്കാർ പ്രോസിക്യൂട്ടർ വഴി അനുകൂല റിപ്പോർട്ട് ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.
സി.എ.എയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുമ്പത്തെ കണക്കനുസരിച്ച് 114 കേസുകൾ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019ലാണ് പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. മാർച്ച് 11ന് വിജ്ഞാപനം പുറത്തിറക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ 10 മുതലാണ് കേസുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.