പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസും യു.ഡി.എഫും തെളിയിച്ചുവെന്ന് വി.ഡി സതീശൻ
text_fieldsചെങ്ങന്നൂര്‍: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് 24 മണിക്കൂര്‍ കൊണ്ട് കോണ്‍ഗ്രസും യു.ഡി.എഫും തെളിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യം പറഞ്ഞത് നിയമ ഭേദഗതി വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിരുന്നിന് പോയെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പേര് വിവരങ്ങളും പ്രസംഗങ്ങളും പുറത്ത് വിട്ടു.
രാഹുല്‍ ഗാന്ധി തിരിഞ്ഞു നോക്കിയില്ലെന്നതാണ് രണ്ടാമത്തെ ആരോപണം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ പൗരത്വ നിയമത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടു. ബി.ജെ.പി വന്നാലും കുഴപ്പമില്ല കോണ്‍ഗ്രസും യു.ഡി.എഫും തകരണമെന്ന നിലപാടിലാണ് സി.പി.എം. രാഹുല്‍ ഗാന്ധി ജോഡോ യാത്രയില്‍ എന്തൊക്കെയാണ് സംസാരിച്ചതെന്ന് അറിയാന്‍ പിണറായി ആളെ വിട്ടിട്ടുണ്ടോ? മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ 24 മണിക്കൂറിനകം പ്രതിപക്ഷം മറുപടി നല്‍കി. എന്നാല്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല.
മാസപ്പടിയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു. മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ച മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയില്ല. നിയമവിരുദ്ധ പണം ഇടപാട് നടന്നിട്ടുണ്ടെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി ബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് സി.എം.ആര്‍.എല്‍ അല്ലാതെ നിയമവിരുദ്ധമായി പണം നല്‍കിയത് ആരൊക്കെയാണ്? സി.ബി.ഐ, ഇ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി റെയ്ഡ് നടത്തി ഇലക്ട്രല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കുകയും ചെയ്തു.
ഇലക്ട്രല്‍ ബോണ്ടിന് സമാനമായി എക്‌സാലോജിക്കിന് സംഭാവന നല്‍കിയ കമ്പനികള്‍ക്കെല്ലാം എന്തൊക്കെ സഹായങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുത്തത്? നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ സഹായത്തിന് പകരമായാണ് എക്‌സാലോജിക്കിന് പണം ലഭിച്ചത്. ഇലക്ട്രല്‍ ബോണ്ടിന് സമാനമായി തുക ഇല്ലെങ്കിലും അതേ അഴിമതി തന്നെയാണ് മാസപ്പടിയിലുമുള്ളത്. എ.ഐ ക്യാമറയെ കുറിച്ചും കെ ഫോണിനെ കുറിച്ചും ചോദിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയില്ല.
ഇനിയെങ്കിലും മാസപ്പടി വിവാദത്തെ കുറിച്ചുള്ള പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാന്‍ തയാറാകണം. മാസപ്പടിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. മാസപ്പടിയിലേക്ക് തന്നെയാണ് യു.ഡി.എഫ് വരുന്നത്. ഞങ്ങളുടെ അഞ്ച് ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണം. കൈകള്‍ ശുദ്ധമാണ്, മടിയില്‍ കനമില്ല, റോഡില്‍ കുഴിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് കാര്യമില്ല. ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വേണ്ടത്.
എല്‍.ഡി.എഫ് കണ്‍വീനറെ ഉപയോഗിച്ച് ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നടത്തുന്നതിന് പിന്നിലും മുഖ്യമന്ത്രിയാണ്. മാസപ്പടിയും കരുവന്നൂരും ലാവലിനും ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണം നടക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ ഭയമാണ്. ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് ഇ.പി ജയരാജനെക്കൊണ്ട് സംസാരിപ്പിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നല്ലതാണെന്നും അവര്‍ രണ്ടാം സ്ഥാനത്ത് വരുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ബി.ജെ.പി എവിടെയൊക്കെ രണ്ടാം സ്ഥാനത്ത് വരുന്നുവോ അവിടെയൊക്കെ സി.പി.എം മൂന്നാം സ്ഥാനത്ത് ആകുമെന്നാണ് ജയരാജന്‍ തന്നെ പറയുന്നത്.
ഇലക്ട്രല്‍ ബോണ്ട് പോലെയാണ് കേരളീയവും നവകേരള സദസും നടത്തിയത്. നിയമസഭയിലും പുറത്തും ചോദിച്ചിട്ടും ആരൊക്കെയാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ലയ ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറെക്കൊണ്ടാണ് പണം പിരിച്ചത്. സര്‍ക്കാര്‍ അങ്ങോട്ട് സഹായിച്ചവരാണ് പണം നല്‍കിയത്. കേരളീയത്തിനും നവകേരള സദസിനും പണം നല്‍കിയവരുടെ വിവരങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ പുറത്ത് വിടണം.
വിവാദങ്ങളുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. മരുന്ന് ഇല്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് നിലച്ചിരിക്കുകയാണ്. ആശുപത്രികളില്‍ മരുന്ന് വാങ്ങാന്‍ പണമില്ല. കാരുണ്യ കാര്‍ഡ് സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കുന്നില്ല. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളില്ല. സര്‍ക്കാരില്‍ നിന്നുള്ള സഹായം കൊണ്ട് ജീവിക്കുന്നവരാണ് മൂന്നിലൊന്ന് ജനങ്ങളുമെന്ന് ഓര്‍ക്കണം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, പാവങ്ങളോട് കരുണ കാണിക്കുന്നില്ല.
സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബന്ധമുണ്ടായിരുന്നെന്നും സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞത് ആര്‍.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്ററും മോദിയുമായി അടുത്ത ബന്ധമുള്ള ആളുമായ ബാലശങ്കറാണ് പരസ്യമായി പറഞ്ഞത്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള മുഴുവന്‍ പ്രശ്‌നങ്ങളും മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. യു.ഡി.എഫ് തന്ത്രം വിജയിക്കുമെന്ന് സുരേന്ദ്രന് പറയാന്‍ പറ്റില്ല. ഷോക്ക് ഉള്ളതു കൊണ്ടാണ് യു.ഡി.എഫ് തന്ത്രം പൊളിഞ്ഞു പോകുമെന്ന് പറഞ്ഞത്. ഇനിയും വേണ്ടാത്ത പണിക്ക് പോയാല്‍ പൊളിറ്റിക്കല്‍ തിരിച്ചടി കിട്ടുമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.