ന്യൂനപക്ഷ വോട്ട് ഇളക്കാൻ സി.പി.എം
text_fieldsകോഴിക്കോട്: ന്യൂനപക്ഷ വോട്ട് ഇളക്കാൻ പൗരത്വ സംരക്ഷണം സജീവമാക്കി സി.പി.എം. വിവിധ ജില്ലകളിൽ നടത്തുന്ന പൗരത്വ സംരക്ഷണ റാലിയുടെ ആദ്യ പരിപാടി വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നേരത്തേ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെന്നപോലെ മത സംഘടന നേതാക്കൾക്കും സാംസ്കാരിക പ്രവർത്തകർക്കും ക്ഷണമുണ്ട്. 2019ൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴും സി.പി.എം സമര രംഗത്തുണ്ടായിരുന്നു. അന്ന് കക്ഷി, രാഷ്ട്രീയങ്ങൾക്കതീതമായിരുന്നു പ്രതിഷേധമെങ്കിൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും പ്രതിക്കൂട്ടിലേറ്റിയാണെന്ന മാറ്റമുണ്ട്. നേരത്തേ പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കാത്ത പ്രശ്നം പാർട്ടിയെ വേട്ടയാടുന്നുണ്ടെങ്കിലും ദേശീയതലത്തിൽ പൗരത്വവിഷയം ഉയർത്തിക്കാട്ടുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയമാണെന്ന പ്രചാരണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കുകയാണ് ലക്ഷ്യം.
ഇൻഡ്യ മുന്നണിയിൽ സി.പി.എമ്മും അംഗമായതിനാൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് മാത്രം വോട്ട് ചെയ്യുകയെന്ന നിർബന്ധം ന്യൂനപക്ഷങ്ങൾക്കില്ലാത്തത് അനുകൂല ഘടകമായി സി.പി.എം കാണുന്നു. ന്യൂനപക്ഷങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള മലബാറിലെ ചില മണ്ഡലങ്ങളിൽ അവരുടെ വോട്ട് നേടാനായാൽ അട്ടിമറി സാധ്യതയുമുണ്ട്. അത്തരം മണ്ഡലങ്ങളിൽ സാഹചര്യം അനുകൂലമാക്കുകയാണ് പൗരത്വ റാലിക്ക് പിന്നിലെ തന്ത്രം. ഇത് തിരിച്ചറിഞ്ഞ് യു.ഡി.എഫും പൗരത്വ റാലികളും പ്രതിഷേധങ്ങളും ശക്തമാക്കുന്നുണ്ട്. യു.ഡി.എഫും വിഷയം ഏറ്റുപിടിക്കുന്നത് മറ്റൊരു തലത്തിൽ തങ്ങൾക്ക് അനുകൂലമാണെന്നും സി.പി.എം കരുതുന്നു.
സംസ്ഥാന സർക്കാറിന്റെ ഭരണകോട്ടങ്ങളും മുഖ്യമന്ത്രിയുടെ മകൾക്കും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളും പൗരത്വ വിഷയം സജീവമാക്കി നിർത്തുന്നതിലൂടെ മറച്ചുപിടിക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. സർക്കാറിനും സി.പി.എം നേതാക്കൾക്കുമെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങുമെത്താത്തതും ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെട്ട ചില സുപ്രധാന കേസുകളിൽ അന്വേഷണം നിലച്ചതും ചൂണ്ടിക്കാട്ടി സി.പി.എം-ബി.ജെ.പി ബാന്ധവമെന്ന പ്രതിപക്ഷ ആരോപണത്തിൽനിന്ന് ശ്രദ്ധതിരിക്കാനും പൗരത്വ സമരത്തിലൂടെ സാധ്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.