കെ.എസ്.ആർ.ടി.സി സമരം പിന്മാറാതെ സി.ഐ.ടി.യു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം തുടങ്ങിയെങ്കിലും ചൊവ്വാഴ്ചയിലെ ചീഫ് ഓഫിസിന് മുന്നിലെ സമരത്തിൽനിന്ന് പിന്മാറാതെ സി.ഐ.ടി.യു. ശമ്പളം മാത്രമല്ല എംപാനൽ ജീവനക്കാരുടെ വിഷയം അടക്കം ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചതെന്നും ഈ സാഹചര്യത്തിൽ ചൊവ്വാഴ്ചയിലെ സമരം നടക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അനിശ്ചിതകാല സത്യഗ്രഹത്തിന്‍റെ ആറാം ദിവസമായ ചൊവ്വാഴ്ച തമ്പാനൂരിൽനിന്ന് ചീഫ് ഓഫിസിലേക്ക് മാർച്ച് നടക്കും. മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിക്കും. അതേസമയം 28ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം ചൊവ്വാഴ്ചയോടെ അവസാനിക്കും.
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം ആരംഭിച്ചിട്ടുണ്ടെങ്കിലും ശമ്പളവിതരണം ആംഭിക്കുന്നതോടെ അവസാനിപ്പിക്കാനാണ് ടി.ഡി.എഫ് തീരുമാനം. ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് മുമ്പ് വിതരണം ചെയ്തില്ലെങ്കിൽ ആറിന് പണിമുടക്ക് നടത്താൻ ടി.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ ഡിപ്പോയിലാണ് എ.ഐ.ടി.യു.സിയുടെ അനിശ്ചിതകാലസമരം. ശമ്പളവിതരണം പൂർത്തിയാക്കുന്ന മുറക്ക് സമരം പിൻവലിക്കുമെന്നും 28ന് പ്രഖ്യാപിച്ച പണിമുടക്കിന്‍റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും എ.ഐ.ടി.യു.സി ഭാരവാഹികൾ വ്യക്തമാക്കി. ബി.എം.എസും 28ന് പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിൽ ടി.ഡി.എഫ് ആരംഭിച്ച സമരം തിങ്കളാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സമരം ചെയ്യുന്ന തൊഴിലാളികളെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിന്തുണച്ചു. 'ഒരുമാസം ജോലി ചെയ്താൽ ശമ്പളം കിട്ടണം. ഒന്നാം തീയതി കിട്ടിയില്ലെങ്കിൽ 15 ാം തീയതി കിട്ടണം. അത് തൊഴിലാളി പറഞ്ഞാൽ എന്താ തെറ്റ്' എന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീഫ് ഓഫിസിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചും ധർണയും ബി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
കെടുകാര്യസ്ഥതയല്ല -ആന്‍റണി രാജു
തിരുവനന്തപുരം: കെടുകാര്യസ്ഥത കൊണ്ടാണ് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് മന്ത്രി ആന്‍റണി രാജു. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് മാനേജ്മെന്‍റാണ്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്‍റിന് നിർദേശം നൽകിയിരുന്നു. ഇതിന് മുമ്പും ശമ്പളവും പെൻഷനും മുടങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 14പേരാണ് പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്തത്. അന്നത്തെ ഗതാഗത മന്ത്രിയുടെ മുന്നിൽ പോയി പോലും ഒരാൾ ജീവനൊടുക്കി. എന്തായാലും അത്തരം കുഴപ്പങ്ങളൊന്നും ഇപ്പോൾ ഉണ്ടായില്ല. അൽപം വൈകിയെന്നത് ഒഴിച്ചാൽ ശമ്പളവും പെൻഷനും കൊടുക്കുന്നുവെന്നത് ആശ്വസിക്കാൻ കഴിയുന്നതാണ്. കഴിയുമെങ്കിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണമെന്നാണ് മാനേജ്മെന്‍റിന്‍റെ ആഗ്രഹം. പക്ഷേ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം തടസ്സം. ചെലവ് വർധിക്കുന്നതല്ലാതെ വരുമാനം കൂടുന്നില്ല. -മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.