അസംതൃപ്തിക്ക് ബദൽ ഉയർത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു –തപൻസെൻ
text_fieldsപത്തനംതിട്ട: ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണ് മോദി അധികാരത്തിൽ എത്തിയതെന്നും അക്കാലത്ത് വിശ്വസനീയമായ ബദൽ ഉയർത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടതായും സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ. പത്തനംതിട്ട സെൻറ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിൽ സി.െഎ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലുവർഷംകൊണ്ട് മോദി സർക്കാർ നടത്തിയ വാഗ്ദാനലംഘനങ്ങളും ഭരണത്തിലെ പൊള്ളത്തരവും വഞ്ചനയും തുറന്നുകാട്ടാൻ ദേശീയ പ്രക്ഷോഭം നടത്തും. മേയ് 23ന് ആദ്യസമരം നടക്കും. യു.പി.എ കാലത്ത് ജനകീയപ്രശ്നങ്ങൾ ഉയർത്തി സമരങ്ങൾ നടത്തിയത് ഇടതുപക്ഷമാണ്. പക്ഷേ, നേട്ടമുണ്ടാക്കിയത് വലതുപക്ഷവും. അവസരം മുതലെടുത്ത മോദി ജനങ്ങൾക്ക് വലിയ വാഗ്ദാനം നൽകി. രണ്ടുകോടി പേർക്ക് തൊഴിൽ നൽകുമെന്നു പറഞ്ഞ മോദി സർക്കാർ 2014 മുതൽ നൽകിയത് അഞ്ചുലക്ഷം തൊഴിൽ മാത്രമാണ്. അതിൽതന്നെ പലതും പ്രോവിഡൻറ് ഫണ്ടിൽ പുതുതായി ചേർത്ത പഴയ തൊഴിലാളികളുടെ എണ്ണമെടുത്താണ്.
ആരോഗ്യരംഗത്ത് ലക്ഷക്കണക്കിന് തൊഴിലാളികളെ ഇൻഷുറൻസ് സ്കീമിൽപെടുത്തുകയാണ് സർക്കാർ. ഇതിൽ രണ്ടുതട്ടിപ്പാണ് ഉള്ളത്. ഒന്ന് ആരോഗ്യപാലനത്തിൽനിന്ന് സർക്കാർ ബോധപൂർവം പിൻമാറുന്നു. മറ്റൊന്ന് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനായി തൊഴിലാളികളെ ഉപയോഗിക്കുന്നു. മോദിയുടെ കാലത്ത് സമ്പത്ത് കോർപറേറ്റുകളിലേക്ക് കുന്നുകൂടുന്നു. അസമത്വം വളർന്ന് ദാരിദ്ര്യത്തിെൻറ കണക്കിൽ പാകിസ്താനെക്കാൾ താഴെയാണ് നാം. മനുഷ്യവികാസത്തിെൻറ കണക്കിലും താഴേക്ക് പോയി. തൊഴിൽ ബന്ധങ്ങൾ ദുർബലമാക്കി, തൊഴിലാളികളുടെ വിലപേശാനുള്ള കഴിവ് കുറച്ചും ട്രേഡ് യൂനിയനുകളെ ദുർബലമാക്കി.
തുറമുഖം-ഖനി തൊഴിലാളികളും രാജ്യത്തെ കർഷകരും ദേശീയ പ്രക്ഷോഭങ്ങൾക്ക് തയാറെടുക്കുകയാണ്. ആഗസ്റ്റ് ഒമ്പതിന് കിസാൻസഭ ജയിൽ നിറക്കൽ സമരം നടത്തും. ആഗസ്റ്റ് 14ന് ഭരണഘടനയെ കടന്നാക്രമിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തും. മോദി ലോകമുതലാളിത്തത്തിെൻറ രക്ഷകനാകുകയാണ്. കഠ്വ സംഭവം ബോധപൂർവമുള്ള പ്രവൃത്തിയാണ്. ഒരുവിഭാഗത്തെ ആട്ടിപ്പായിക്കാൻ ശ്രമം നടക്കുന്നു. ദലിതരും ന്യൂനപക്ഷവും ആക്രമിക്കപ്പെടുന്നത് അതുകൊണ്ടാണെന്നും തപൻസെൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.