കെ.എസ്.ആർ.ടി.സി ശമ്പളം വൈകൽ; സി.ഐ.ടി.യു-ഐ.എൻ.ടി.യു.സി സംയുക്ത ഉപരോധം
text_fieldsതിരുവനന്തപുരം: ശമ്പളവിതരണം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ സി.ഐ.ടി.യുവിന്റെയും ഐ.എൻ.ടി.യു.സിയുടെയും സംയുക്ത ഉപരോധസമരം. മാനേജ്മെന്റിനെയും സർക്കാറിനെയും രൂക്ഷമായി വിമർശിച്ച നേതാക്കൾ സമരത്തിനിടെ എക്സിക്യൂട്ടിവ് ഡയറക്ടർമാർ അടക്കം ഉന്നത ഉദ്യോഗസ്ഥരെ ഓഫിസിലേക്ക് പ്രവേശിപ്പിച്ചുമില്ല. രാവിലെ ഒമ്പതിന് തുടങ്ങിയ സമരം വൈകീട്ട് മൂന്നുവരെ നീണ്ടു.
മാനേജ്മെന്റിനെ നിലക്ക് നിർത്താൻ കഴിയുന്ന സംവിധാനം കെ.എസ്.ആർ.ടി.സിയിലുണ്ടാകണമെന്നും ഗതാഗതമന്ത്രിക്ക് കത്ത് നൽകിയിട്ടും കാര്യമില്ലെന്നും കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു. തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്താൻ സർക്കാർ തയാറാകണം. വരുമാനം വർധിച്ചിട്ടും സർക്കാർ സഹായം കിട്ടിയാലേ ശമ്പളം നൽകാനാകൂവെന്ന് മാനേജ്മെന്റ് ശാഠ്യം പിടിക്കുകയാണ്. തൊഴിലാളികളെ മുന്നിൽ നിർത്തി സർക്കാറിനോട് മാനേജ്മെന്റ് വിലപേശുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം മാനേജ്മെന്റ് നടപ്പാക്കുന്നില്ല. കഴിഞ്ഞമാസത്തെ വരുമാനം 210 കോടിയാണ്. 70-75 കോടിയാണ് ശമ്പളത്തിന് വേണ്ടത്. എല്ലാമാസവും അഞ്ചിനകം ശമ്പളവിതരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെയും മാനേജ്മെന്റ് അട്ടിമറിച്ചു. ശമ്പളം ഗഡുക്കളാക്കിയെന്ന് മാത്രമല്ല, രണ്ടാം ഗഡു അനിശ്ചിതമായി നീളുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെൽട്രോൺ വഴി കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന പദ്ധതികളിലും അന്വേഷണം നടത്തണമെന്ന് ടി.ഡി.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.