ആശമാർക്ക് സുരേഷ് ഗോപി ഉമ്മ കൂടി കൊടുത്തോ? -അധിക്ഷേപവുമായി സി.ഐ.ടി.യു നേതാവ് കെ.എൻ. ഗോപിനാഥ്
text_fieldsകൊച്ചി: ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം നടത്തുന്ന ആശമാരെ വീണ്ടും അധിക്ഷേപിച്ച് സി.ഐ.ടി.യു നേതാവ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്നാണ് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞത്. കൊച്ചിയിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ആശ വർക്കർമാരുടെ ബി.എസ്.എൻ.എൽ ഓഫിസ് മാർച്ചിലായിരുന്നു ഈ അധിക്ഷേപം.
'സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോൾ അത് നിർത്തി. സുരേഷ് ഗോപി കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ പാർലിമെന്റിൽ സംസാരിക്കണ്ടേ? സമര നായകൻ സുരേഷ് ഗോപി എത്തുന്നു എന്ന് പ്രചരിപ്പിച്ചു'- കെ.എൻ. ഗോപിനാഥ് പറഞ്ഞു.
സമരത്തെ അധിക്ഷേപിച്ച സി.ഐ.ടി.യു നേതാക്കളുടെ ഭാഷ ഇടതുപക്ഷ സംസ്ക്കാരമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നതില്‍ ഭാഷ പ്രധാനമാണ്. പരിഹാസ്യമായ ഭാഷയില്‍ വിമര്‍ശനം പാടില്ല. അത് ഇടതുപക്ഷ സംസ്ക്കാരമല്ല -ബിനോയ് വിശ്വം പറഞ്ഞു
അതിനിടെ, ജീവൽ പ്രധാനമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന രാപകൽ സമരത്തിൻറെ 22-ാം ദിവസമായ ഇന്ന് ആശാ വർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. രാവിലെ ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. സർക്കാർ നിഷേധാത്മക സമീപനം പുലർത്തുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനം തുടങ്ങുന്ന ദിവസം നിയമസഭയിലേക്ക് മാർച്ച് നടത്തുന്നത് എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള 2022 മാർച്ച് രണ്ടിന്റെ ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് ആശമാർ സമരം ആരംഭിച്ചത്.
ആശ വർക്കർമാർക്ക് സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ നിന്നും കൂടുതലായി ലഭിക്കാനുള്ള സഹായത്തിന് മുഖ്യമന്ത്രിയുമായി ഒരുമിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടാനും ആവശ്യമെങ്കില്‍ കേന്ദ്രത്തിനെതിരേ യോജിച്ച് സമരം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.