ബസുടമക്ക് മർദനം: സി.ഐ.ടി.യു നേതാവ് മാപ്പുപറഞ്ഞു
text_fieldsകൊച്ചി: കോട്ടയം തിരുവാർപ്പിലെ ബസുടമയെ ആക്രമിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് ഹൈകോടതിയോടും ബസുടമയോടും നിരുപാധികം മാപ്പുപറഞ്ഞു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ കോട്ടയം ജില്ല മോട്ടോർ മെക്കാനിക് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതാവ് കെ.ആർ. അജയ് ആണ് മാപ്പുപറഞ്ഞത്.
നേരത്തേ നിരുപാധികം മാപ്പപേക്ഷിച്ച് അജയ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ക്രിമിനൽ കേസ് നിലവിലുണ്ടെന്നും കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നുമായിരുന്നു സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. കോടതിയിൽ നേരിട്ട് മാപ്പപേക്ഷിച്ചതിനെ തുടർന്ന് ഹൈകോടതി സ്വമേധയ സ്വീകരിച്ച കോടതിയലക്ഷ്യ നടപടി ജസ്റ്റിസ് എൻ. നഗരേഷ് അവസാനിപ്പിച്ചു. കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചത് ക്രിമിനൽ കേസിനെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ തർക്കത്തെ തുടർന്ന് ബസ് സർവിസ് മുടങ്ങിയതോടെ രാജ്മോഹനും ഭാര്യയും നൽകിയ ഹരജിയിൽ ഇവർക്ക് ബസ് സർവിസ് നടത്താൻ മതിയായ സംരക്ഷണം നൽകാൻ ഹൈകോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജൂൺ 25ന് സർവിസ് പുനരാരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് രാജ്‌മോഹന് മർദനമേറ്റത്. ഹൈകോടതിയുടെ ഉത്തരവുണ്ടായിട്ടും മർദനമേറ്റ സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് വിഷയത്തിൽ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.