ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു
text_fieldsതിരുവനന്തപുരം: സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റി നൽകിയ നിവേദനം പരിഗണിച്ച് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോറിക്ഷകൾക്ക് അനുവദിച്ച സംസ്ഥാന പെർമിറ്റ് പിൻവലിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി. സംസ്ഥാന പെർമിറ്റ് കൊടുത്താൽ അപകട സാധ്യത കൂടാനും ഈ മേഖലയിൽ സ്ഥിരമായി തൊഴിൽ ചെയ്തുവരുന്നിടത്ത് പുതിയ തൊഴിലാളികൾ എത്തുമ്പോൾ സംഘർഷമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. ഈ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ട്രാൻസ്പോർട്ട് കമീഷണർക്ക് നിവേദനവും നൽകി.
ഏരിയ കമ്മിറ്റിയുടെ നിലപാട് തങ്ങൾക്കറിയില്ല. പ്രാദേശികമായി എടുത്ത തീരുമാനമാകാമത്. അത് പരിഗണിച്ചാൽ തൊഴിലിടങ്ങളിൽ സംഘർഷമുണ്ടാകും. ഈ സാഹചര്യത്തിലാണ് പെർമിറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് ജില്ല അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ കൂടി പോകാനാണ് നിലവിൽ അനുമതിയുള്ളത്. സംസ്ഥാന കമ്മിറ്റി ഒരിടത്തും ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് കൊടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ല. നിലവിലുള്ള 20 കിലോമീറ്റർ നിന്നും 30 കിലോമീറ്റർ ആക്കണമെന്നാണ് സി.ഐ.ടി.യു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.