ചെമ്പതാക ഉയർന്നു; സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsകോഴിക്കോട്: സി.ഐ.ടി.യു 15ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോഴിക്കോട്ട് തുടക്കം. ത്രിദിന സമ്മേളനം രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ (കാട്ടാക്കട ശശി നഗർ) സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് ചെമ്പതാക ഉയർന്നു.
വെള്ളിയാഴ്ച വൈകീട്ട് പതാക-കൊടിമര ജാഥകൾ സംഗമിച്ച ശേഷം നൂറുകണക്കിന് തൊഴിലാളികളുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സ്വാഗതസംഘം ചെയർമാൻ ടി.പി. രാമകൃഷ്ണൻ എം.എൽ.എ പതാക ഉയർത്തി. പതാക ജാഥ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ നേതൃത്വത്തിലും കൊടിമര ജാഥ കുണ്ടുതോട് പാപ്പച്ചൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുമായിരുന്നു. പതാക ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദനും കൊടിമരം ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരനും ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം എം.പി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, ജില്ല സെക്രട്ടറി പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി എളമരം കരീം എം.പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ പി. നന്ദകുമാര്‍ കണക്കും അവതരിപ്പിക്കും. ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിൽ ചർച്ച തുടരും.
തിങ്കളാഴ്ച പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും അഖിലേന്ത്യ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകീട്ട് അഞ്ചിന് രണ്ടുലക്ഷം പേർ അണിനിരക്കുന്ന റാലിയോടെയാണ് സമാപനം. പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.