സി.ഐ.ടി.യു സമരം; മാടായിയിൽ ഉദ്ഘാടന ദിനം മുതൽ കച്ചവടം മുടങ്ങി
text_fieldsപഴയങ്ങാടി: കയറ്റിറക്കിനു സ്ഥാപനം ഉടമ സ്വന്തം തൊഴിലാളികളെ ഉപയോഗിക്കുന്നതിനെതിരെ സി.ഐ.ടി.യു കടയുടെ മുന്നിൽ കൊടികുത്തി സമരം തുടരുന്നതിനാൽ ഉദ്ഘാടന ദിനം മുതൽ കച്ചവടം ചെയ്യാനാവാത്ത അവസ്ഥ. കഴിഞ്ഞ 23ന് ഉദ്ഘാടനം ചെയ്ത മാടായി തെരു ഗണപതി മണ്ഡപത്തിനു സമീപത്തെ ശ്രീപോർക്കലി സ്റ്റിൽസ് സ്ഥാപനത്തിന്റെ മുന്നിലാണ് സി.ഐ.ടി.യു പഴയങ്ങാടി ഡിവിഷന്റെ കീഴിലുള്ള ചുമട്ടു തൊഴിലാളികൾ സമരമിരിക്കുന്നത്. മാതമംഗലത്ത് കടയടച്ചുപൂട്ടിയ വാർത്തക്ക് പിന്നാലെയാണ് മാടായി തെരുയിലും സമാനസംഭവം.
കെട്ടിട നിർമാണത്തിനാവശ്യമായ സാമഗ്രികൾ വിൽപന നടത്തുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തലേദിവസം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനം ഇറക്കുന്നതിനെതിരെയാണ് സി.ഐ.ടി.യു രംഗത്തെത്തിയത്.
ജില്ലയിൽ ആറോളം സ്ഥാപനങ്ങളുടെ ഉടമസ്ഥതയുള്ള തങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിലെ ദുരനുഭവമാണ് സ്വന്തമായി തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഉടമസ്ഥരായ സഹോദരങ്ങൾ മോഹൻലാലും ബിജുലാലും പറയുന്നു. സമ്മർദത്തിനു വഴങ്ങാൻ ഉടമസ്ഥരും പിടി വിടാൻ സി.ഐ .ടി.യുവും പൊലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തയാറാവാത്തതിനാൽ സ്ഥാപനം ഉദ്ഘാടനംചെയ്ത ദിവസം മുതൽ സമരം തുടരുകയാണ്.
60 ലക്ഷത്തിലധികം രൂപയുടെ സാധനം സ്റ്റോക്കുള്ള സ്ഥാപനത്തിൽ സമരത്തെ തുടർന്ന് ഉദ്ഘാടന ദിവസം മുതൽ കച്ചവടം മുടങ്ങിയെന്നും സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ഉടമകൾ പറഞ്ഞു.
ലേബർ കാർഡ് എടുത്ത ചുമട്ടുതൊഴിലാളികൾക്ക് ജോലി മുടക്കുന്ന സ്ഥാപന ഉടമക്കെതിരെ നടത്തുന്ന സമരം ന്യായയുക്തമാണെന്നും അവകാശ നിഷേധത്തിനെതിരെയാണ് സമരമെന്നും സി.ഐ. ടി.യു പഴയങ്ങാടി ഡിവിഷൻ സെക്രട്ടറി ഇ.എം. ഏലിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.