സി.ഐ.ടി.യു ഭീഷണിയിൽ കട പൂട്ടിയ സംഭവം: വിവാദം സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
text_fieldsപയ്യന്നൂർ: മാതമംഗലത്ത് സി.ഐ.ടി.യു ഭീഷണിയെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്ന വിവാദം സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകരുതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലൻ പ്രതികരിച്ചപ്പോൾ, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. നിക്ഷേപകരെ തേടി വിദേശത്ത് പോകുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടിലെ തൊഴിലുടമയെ സി.ഐ.ടി.യുവിൽനിന്ന് രക്ഷിക്കണമെന്ന് ഇരുവരും പ്രതികരിച്ചു.
അതിനിടെ, പ്രശ്നപരിഹാരത്തിനായി തൊഴിൽ മന്ത്രി ശിവൻകുട്ടിയും രംഗത്തെത്തി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമീഷണർ എസ്. ചിത്രയെ ചുമതലപ്പെടുത്തിയതായി മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. തൊഴിലാളികളുടെ താല്പര്യവും വാണിജ്യ -വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനവും ഉറപ്പുവരുത്തുമെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കി. മന്ത്രിതല ഇടപെടലിന്റെ പശ്ചാത്തലത്തിൽ ലേബർ കമീഷണർ ഇരു വിഭാഗത്തെയും വിളിച്ച് ഉടൻ ചർച്ച നടത്തും.
അതേസമയം, കടക്ക് ലൈസൻസില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമായതോടെ സി.ഐ.ടി.യു കൂടുതൽ പ്രതിരോധത്തിലായി. 2022 മാർച്ച് 31 വരെ പ്രവർത്തിക്കാൻ ലൈസൻസുണ്ട്. ഇത് പുതുക്കാൻ അപേക്ഷ നൽകിയതായും കടയുടമ റാബി മുഹമ്മദ് പറയുന്നു. എന്നാൽ, ഒരു മുറിക്കു മാത്രമാണ് ലൈസൻസെന്നും മൂന്നു മുറികൾ ഉപയോഗിക്കുന്നുണ്ടെന്നും നിയമപ്രകാരമുള്ള പാർക്കിങ് സൗകര്യമില്ലെന്നും മറുഭാഗം പറയുന്നു.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് എസ്.ആർ അസോസിയേറ്റ് ഹാർഡ്വെയർ ഷോപ് ആരംഭിച്ചത്. ഇവിടെ കയറ്റിറക്ക് നടത്താൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ രംഗത്തെത്തി. ഉടമ ഹൈകോടതിയെ സമീപിച്ച് സ്വന്തംനിലയിൽ കയറ്റിറക്ക് നടത്താൻ അനുമതി നേടി. കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഒപ്പം ഉപഭോക്താക്കളെ തൊഴിലാളികൾ ഭീഷണിപ്പെടുത്തി മടക്കിയയക്കുന്നതായും കടയുടമ ആരോപിക്കുന്നു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഫ്സലിന് മർദനമേറ്റ സംഭവത്തോടെയാണ് ഏതാനും ദിവസം മുമ്പ് കട അടച്ചുപൂട്ടലിലെത്തിയത്. അഫ്സൽ സാധനം വാങ്ങാനെത്തിയപ്പോൾ തൊട്ടടുത്ത സമരവേദിയിൽനിന്ന് സി.ഐ.ടി.യു പ്രവർത്തകരെത്തി മർദിച്ചതായാണ് പരാതി.
ഇതിന്റെ തുടർച്ചയായി ഇദ്ദേഹത്തിനും സഹോദരിക്കുമെതിരെ അക്രമ ശ്രമമുണ്ടായതായും പരാതി ഉയർന്നു. ഇതിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം പ്രശ്നത്തിന് ചൂടുപകരുന്നതായി എന്ന ആക്ഷേപവുമുണ്ട്. ഇതോടെ തനിക്കും ഭീഷണിയുണ്ടായതായും ഇതാണ് കടയടക്കാൻ കാരണമെന്നും ഉടമ പറയുന്നു.
ചർച്ച ചെയ്ത് പരിഹരിക്കാൻ തൊഴിൽ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കണ്ണൂർ മാതമംഗലത്ത് ഹാർഡ്വെയർ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ മന്ത്രി വി. ശിവൻകുട്ടി ലേബർ കമീഷണർ എസ്. ചിത്രയെ ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങെളയും വിശദമായി കേട്ട് അനുരഞ്ജനത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് നിർദേശം. വിഷയത്തിൽ ലേബർ കമീഷണർ ഇരു വിഭാഗെത്തയും ഉടൻ വിളിച്ചുചേർത്ത് തർക്കം പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. തൊഴിലാളികളുടെ താൽപര്യം ഉറപ്പുവരുത്തുന്നതിനൊപ്പം വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സാഹചര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഈ സ്ഥാപനത്തിലെ നാല് തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള '26 എ' കാർഡിനുള്ള അപേക്ഷ പയ്യന്നൂർ അസിസ്റ്റന്റ് ലേബർ ഓഫിസർക്ക് സ്ഥാപനമുടമ നൽകിയിരുന്നു. എന്നാൽ സ്ഥാപനം പ്രവർത്തിച്ചുവരുന്ന സ്ഥലം ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയ സ്ഥലമാണ്.
ഈ നാല് തൊഴിലാളികൾക്ക് അറ്റാച്ച്ഡ് കാർഡ് നൽകുന്ന പക്ഷം ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ കീഴിലുള്ള 23 രജിസ്ട്രേഡ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഓഫിസറും അപ്പലേറ്റ് അതോറിറ്റിയായ ജില്ല ലേബർ ഓഫിസറും അപേക്ഷ നിരസിച്ചു. തുടർന്ന് സ്ഥാപനമുടമ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെത്തുടർന്ന് നാല് തൊഴിലാളികൾക്ക് കാർഡ് നൽകുകയായിരുന്നെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സി.ഐ.ടി.യു സമരത്തെ ന്യായീകരിച്ച് എം.വി. ജയരാജൻ
കണ്ണൂർ: മാതമംഗലത്ത് ഹാർഡ്വെയർ കട പൂട്ടാനിടയായ സി.ഐ.ടി.യു സമരത്തെ ന്യായീകരിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സി.ഐ.ടി.യു സമരം ചെയ്തതുകൊണ്ടല്ല കട പുട്ടിയത്. തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണ് ചുമട്ടുതൊഴിലാളികൾ അവിടെ സമരം ചെയ്തത്. പൂട്ടുന്നതല്ല, തുറപ്പിക്കുന്നതാണ് സി.ഐ.ടി.യുവിന്റെ സംസ്കാരം. നോക്കുകൂലിക്കെതിരെ ആദ്യം പ്രതികരിച്ച സംഘടനയാണ് സി.ഐ.ടി.യു എന്നും അദ്ദേഹം കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭരിക്കുന്നത് സർക്കാറല്ല, പാർട്ടിയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് സര്‍ക്കാറല്ല പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്കുപോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു. നിക്ഷേപകരെ പാര്ട്ടിക്കാര് പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. സര്‍ക്കാറിന്റെ നയം ഒന്നും പ്രവൃത്തി മറ്റൊന്നുമാണെന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.
സി.ഐ.ടി.യു നേതൃത്വത്തില്‍ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആര് അസോസിയേറ്റ്സും ഈ കടയില്‍നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാരുടെ മര്‍ദനമേറ്റ അഫ്സലിന്റെ കമ്പ്യൂട്ടര്‍ സ്ഥാപനവും പൂട്ടി. സര്‍ക്കാര്‍ ഇത് അറിഞ്ഞമട്ടില്ല. വിവാഹ പാര്‍ട്ടിക്കുനേരെ ഉണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്ത് മരിച്ചതും കണ്ണൂരിലാണ്. വേണമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍വെച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂര്‍.
സംസ്ഥാനത്ത് അക്രമപരമ്പരകളും ഗുണ്ടാ വിളയാട്ടവുമാണ്. പൊലീസിനെ നോക്കുകുത്തിയാക്കി പാർട്ടി കേന്ദ്രങ്ങളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പഴയകാല സെല്‍ ഭരണത്തിന്റെ രീതിയിലാണ് കാര്യങ്ങള്‍. ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക ദൗത്യം പോലും നിര്‍വഹിക്കാനാകാത്തവിധം പൊലീസിനെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.