ജോലിക്ക് ഹാജരാകാതെ ശമ്പളം; സി.ഐ.ടി.യു വനിത നേതാവിന് സസ്‌പെൻഷൻ
text_fieldsതൃശൂർ: ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയ ബെവ്‌കോ ജീവനക്കാരിക്ക് സസ്‌പെൻഷൻ. വിദേശമദ്യ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. പ്രതിഭയെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ജോലി ചെയ്യാതെ രജിസ്റ്ററിൽ ഒപ്പുവെച്ചതായി കണ്ടെത്തിയതോടെയാണ് നടപടി.
തൃശൂർ വെയർഹൗസിലെ ലേബലിങ് തൊഴിലാളിയാണ് പ്രതിഭ. ഇവിടെ 2020 ഡിസംബറിൽ മൂന്ന് ദിവസവും 2021 സെപ്റ്റംബറിൽ ഒരു ദിവസവും പ്രതിഭ ജോലിക്കെത്തിയിരുന്നില്ല. എന്നാൽ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തി ശമ്പളം വാങ്ങിയതായാണ് കണ്ടെത്തൽ. ഹാജർ ബുക്കിൽ തിരുത്തൽ വരുത്തി വ്യാജരേഖ ചമച്ചെന്ന് കാട്ടി ബെവ്‌കോയുടെ തൃശൂർ ജില്ല ഓഡിറ്റ് വിഭാഗം പ്രതിഭക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ രാഷ്‌ട്രീയ സ്വാധീനം മൂലം ഈ റിപ്പോർട്ട് പുറത്തുവന്നില്ല. ഒടുവിൽ ബെവ്‌കോയുടെ തലപ്പത്ത് ഉദ്യോഗസ്ഥർ മാറിയതോടെയാണ് നടപടിയുണ്ടായത്.
തൃശൂർ വെയർഹൗസിൽ കരാർ അടിസ്ഥാനത്തിലായിരുന്നു പ്രതിഭ ജോലി ചെയ്തിരുന്നത്. ഇവരെ പിന്നീട് സർക്കാർ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇതിനിടെ പ്രതിഭ ജോലിക്ക് കയറിയത് വയസ്സ് തിരുത്തിയാണെന്നും ഇതിനായി പാസ്‌പോർട്ടിൽ മാറ്റം വരുത്തിയതായുമുള്ള പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.