ലൈംഗികാതിക്രമ പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
text_fieldsകോഴിക്കോട്: ലൈംഗികാതിക്രമ പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്തയാളാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിവിക് ചന്ദ്രൻ അറിയിച്ചിരുന്നു.
സിവിക് ചന്ദ്രൻ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കിയിരുന്നു. വാട്സാപ്പ് സന്ദേശങ്ങൾ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുറത്ത് ദലിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സാഹിത്യകാരിയായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ പരാതി നൽകിയത്. ഏപ്രിലിൽ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. സിവിക് ചന്ദ്രൻ അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രൻ, കവി വി.ടി. ജയദേവൻ എന്നിവർക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം. ഈ രണ്ടു വ്യക്തികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു.
സിവിക് ചന്ദ്രനെതിരെ പീഡനശ്രമത്തിന് മറ്റൊരു കേസ് കൂടിയുണ്ട്. 2020ൽ കോഴിക്കോട് സ്വദേശിയായ യുവഎഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കൊയിലാണ്ടി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.