ദുരന്തമുഖത്ത് സജീവമായി ജില്ല സിവിൽ ഡിഫൻസിലെ ഏഴ് വനിതകൾ
text_fieldsകാക്കനാട്: വയനാട് ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങളിലും തെരച്ചിലിലും സജീവ സാന്നിധ്യമാണ് ജില്ലയിൽ നിന്നുള്ള ഏഴ് വനിതകൾ. കേരള ഫയർ ആന്റ് റെസ്ക്യൂവിന് കീഴിലുള്ള സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളായ വനിതകളാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ വിവിധ സെക്ടറുകളിൽ സജീവമായി പ്രവർത്തിച്ചത്. കൈകാലുകൾ വേർപെട്ട ഒട്ടേറെ മൃതശരീരങ്ങൾ മണ്ണാഴങ്ങളിൽ നിന്ന് വാരിയെടുക്കുമ്പോൾ ഹൃദയം വേദനിച്ചെങ്കിലും ദൃഢചിത്തതയോടെ ദുരന്തമുഖത്ത് അവർ സജീവമായിരുന്നു.
നോർത്ത് പറവൂർ, തൃപ്പൂണിത്തുറ, തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിൽ നിന്നുമായി ദുരന്തമുഖത്തേക്ക് പോയ വനിതകളിൽ ഡോ. നിഷ, വീട്ടമ്മയായ പി.ആർ. താര രഞ്ജു, ചെറുസംരംഭക രജനി സജീവൻ,കെ.എസ്.ആർ.ടി.സി കണ്ടക്ടർ വീനീത, അധ്യാപിക രമ്യ രമേഷ്, ആശാവർക്കർ കെ.വൈ. റസീന, തുടങ്ങി ഹ്യൂമൻ റിസോഴ്സ് മേഖലയിൽ ജോലി ചെയ്യുന്ന സിവിൽ ഡിഫൻസ് ജില്ല ഡെപ്യൂട്ടി ഡിവിഷനൽ വാർഡൻ കൂടിയായ നിമ ഗോപിനാഥ് അടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവരുണ്ടായിരുന്നു. ദുരിതത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട് മനസ്സ് മരവിച്ചിരിക്കുന്നവർക്ക് സാന്ത്വന സ്പർശമേകാനും ഇവർക്ക് സാധിച്ചു.
ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ കൂടുതൽ വനിതകൾ പരിശീലനം നേടിവരണമെന്നാണ് ഇവർ പറയുന്നത്. എത്ര ദുഷ്കരമായ ദുരന്ത മേഖലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ മുൻപന്തിയിലാണ് അഗ്നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വാളണ്ടിയർമാരായ കേരള സിവിൽ ഡിഫൻസ്. കൊച്ചി നഗരസഭയിടെ കീഴിലുള്ള ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിൽ രണ്ടാഴ്ച നീണ്ട അഗ്നിബാധയിൽ രാപകൽ ഭേദമന്യേ ഇവർ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.