സേവന സന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന
text_fieldsപള്ളിക്കര: ബ്രഹ്മപുരത്ത് സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. 12 ജില്ലകളില്‍നിന്ന് 650പേരാണ് ഇതിനോടകം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. നിലവില്‍ 75 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ബ്രഹ്മപുരത്തുണ്ട്. കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെയുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ പലരും ജോലികഴിഞ്ഞ് വീട്ടില്‍ പോകുന്നതിന് പകരം ബ്രഹ്മപുരത്തേക്കെത്തി. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്ത് സന്നദ്ധ സേവനത്തിനെത്തി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച സാഹചര്യത്തില്‍ ആദ്യം ഓടിയെത്തിയത് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളായിരുന്നു. തീ അണക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നിരക്ഷസേന നേതൃത്വം കൊടുത്തപ്പോള്‍ സിവില്‍ ഡിഫന്‍സ് അവര്‍ക്ക് കരുത്തുപകര്‍ന്നു. ഫയര്‍ എൻജിനുകളില്‍ ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള വെള്ളവും നിറക്കുന്നത് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ സിവില്‍ ഡിഫന്‍സ് ഏറ്റെടുത്തു.
ദിവസവും നൂറോളം പേരായിരുന്നു വിവിധ ഷിഫ്റ്റുകളിലായി സേവനത്തിനെത്തിയത്. തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിലായിരുന്നു ഇവർക്ക് താമസസൗകര്യം ഒരുക്കിയത്. റീജനല്‍ ഫയര്‍ ഓഫിസര്‍ ജെ.എസ്. സുജിത്കുമാറിന്റെയും ജില്ല ഫയര്‍ ഓഫിസര്‍ കെ. ഹരികുമാറിന്റെയും മേല്‍നോട്ടത്തില്‍ സിവില്‍ ഡിഫന്‍സ് ചീഫ് വാര്ഡന് അനു ചന്ദ്രശേഖര്‍, ഡിവിഷനല്‍ വാര്ഡന് ബിനു മിത്രന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.