സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടിക: നിയമന ശിപാർശ ലഭിച്ചത് 452 പേർക്ക് മാത്രം
text_fieldsതിരുവനന്തപുരം: ഒഴിവുകൾ പൂഴ്ത്തിവെക്കാൻ സർക്കാറും റാങ്ക് ലിസ്റ്റുകൾ കൂട്ടത്തോടെ റദ്ദാക്കാൻ പി.എസ്.സിയും മത്സരിച്ചതോടെ അനു ഉൾപ്പെട്ട സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടികയിൽനിന്ന് നിയമന ശിപാർശ ലഭിച്ചത് വെറും 14 ശതമാനം ഉദ്യോഗാർഥികൾക്ക്.
14 ജില്ലകളിലുമായി 3205 പേർ റാങ്ക് പട്ടികകളിൽ ഇടംപിടിച്ചെങ്കിലും 452 പേര്‍ക്കാണ് നിയമന ശിപാർശ ലഭിച്ചത്. എൻ.ജെ.ഡി ഉൾപ്പെടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിനാലാണ് ഇത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1293 പേര്‍ക്ക് നിയമനം കിട്ടിയ സ്ഥാനത്താണ് അതിെൻറ പകുതിപോലും നിയമനം നടത്താതെ ജൂൺ 19ന് സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിന് പി.എസ്.സിയും സർക്കാറും ചേർന്ന് ചരമക്കുറിപ്പെഴുതിയത്.
2016ലാണ് ബന്ധപ്പെട്ട തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2017 ഏപ്രില്‍ ഒന്നിന് പരീക്ഷ നടത്തി. ഒ.എം.ആര് പരീക്ഷ വിജയിച്ചവര്‍ക്ക് ശാരീരിക ക്ഷമതാ പരീക്ഷയും കായികപരീക്ഷയും നടത്തിയാണ് 2019 ഏപ്രില്‍ എട്ടിന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. അനു ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ല റാങ്ക് പട്ടികയില്‍ 208 പേരാണുണ്ടായിരുന്നത്. മുഖ്യവിഭാഗത്തില്‍ 162 പേരും സംവരണക്കാര്‍ക്കുള്ള ഉപവിഭാഗത്തില്‍ 46 പേരും.
ഇവരില്‍ 72 പേര്‍ക്കാണ് നിയമന ശിപാര്‍ശ ലഭിച്ചത്. പൊതുവിഭാഗത്തില്‍ 68ാം റാങ്ക് വരെയുള്ളവര്‍ക്ക് നിയമനം ലഭിച്ചു. മുൻ ലിസ്റ്റിൽനിന്ന് 1293 പേർക്ക് നിയമന ശിപാർശ ലഭിച്ചതിനാൽ 77ാം റാങ്കുകാരനായിരുന്ന അനു ഏറെ പ്രതീക്ഷയിലായിരുന്നു.എന്നാൽ, കഴിഞ്ഞ പ്രളയത്തെ തുടർന്ന് രണ്ടര മാസത്തോളം ഒഴിവുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തില്ല.
ലോക്ഡൗണിനെ തുടർന്ന് റാങ്ക് പട്ടികക്ക് ഒരു വര്‍ഷമെങ്കിലും അധിക കാലാവധി ആവശ്യപ്പെട്ട് അനു അടക്കമുള്ളവർ സര്‍ക്കാറിന് നിവേദനം നല്‍കിയെങ്കിലും മൂന്നു മാസത്തേക്ക് മാത്രമാണ് പട്ടിക നീട്ടിയത്. പുതിയ റാങ്ക് പട്ടിക നിലവില്‍ വരാത്ത സാഹചര്യത്തില്‍ കൂടുതല്‍ കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നിരന്തരം സര്‍ക്കാറിനെയും പി.എസ്.സിയെയും സമീപിച്ചെങ്കിലും അധികാരികൾ മുഖം തിരിച്ചു.
സംസ്ഥാനത്ത് അബ്കാരിക്കേസുകളുടെ എണ്ണത്തിൽ രണ്ടിരട്ടിയോളം വർധനയുണ്ടായിട്ടും 52 വര്‍ഷം മുമ്പത്തെ ജനസംഖ്യയനുസരിച്ച് നിര്‍ണയിച്ച തസ്തികകളാണ് ഇപ്പോഴും എക്സൈസിലുള്ളത്. ആറായിരത്തോളം പേർ വേണ്ടിടത്ത് ജോലിചെയ്യാൻ നാലായിരത്തോളം പേർ മാത്രം. ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് വ്യാജമദ്യം വിൽപന തകൃതിയായിട്ടുപോലും ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാറിന് കഴിഞ്ഞില്ല.
എക്സൈസിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാന്‍ തയാറാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗാർഥികൾ സർക്കാറിന് കത്ത് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.