സിവിൽ സർവിസ്: ആദ്യ നൂറുപേരിൽ 13 മലയാളികൾ
text_fieldsതിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷയിൽ ആദ്യ ആയിരത്തിൽ 60 മലയാളികൾ ഇടംപിടിച്ചു. ഇതിൽ 45 പേരും കേരളത്തിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയവരാണ്. ചൊവ്വാഴ്ചയാണ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) ഫലം പ്രഖ്യാപിച്ചത്. ആദ്യ 25 റാങ്കുകാരിൽ 15 പുരുഷന്മാരും 10 വനിതകളുമാണ്. ആദ്യ നൂറ് റാങ്കിൽ 13 മലയാളികളുണ്ട്.
രാജ്യത്ത് ആദിത്യ ശ്രീവാസ്തവയാണ് ഒന്നാമത്. അനിമേഷ് പ്രധാൻ രണ്ടും ദോനുരു അനന്യ റെഡ്ഡി മൂന്നും റാങ്കുകൾ നേടി. നാലാം റാങ്ക് നേട്ടത്തോടെ എറണാകുളം സ്വദേശി പി.കെ. സിദ്ധാര്‍ഥ് രാംകുമാര്‍ മലയാളി നേട്ടത്തിൽ ഒന്നാമനായി. 2021ല്‍ 121ാം റാങ്കുനേടിയ സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍ ഐ.പി.എസ് പരിശീലനത്തിലാണ്.
ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിഷ്ണു ശശികുമാര്‍ 31ാം റാങ്കും ബംഗളൂരുവില്‍ താമസമാക്കിയ പി.പി. അര്‍ച്ചന 40-ാം റാങ്കും അടൂര്‍ സ്വദേശി ബെന്‍ജോ പി. ജോസ് 59-ാം റാങ്കും നേടി. തിരുവനന്തപുരം ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശിനി കസ്തൂരിഷാ 68ാം റാങ്കും തിരുമല ഉദയഗിരി നഗർ സ്വദേശിനി ഫാബി റഷീദ് 71ാം റാങ്കും നേടി. ആനി ജോര്‍ജ് -93(ആലക്കോട്, കണ്ണൂര്‍), ഫെബിന്ജോസ് തോമസ് -133 (പത്തനാപുരം, കൊല്ലം), വിനീത് ലോഹിതാക്ഷന് -169 ( പെരുമ്പാവൂര്‍, എറണാകുളം), അമൃത എസ്. കുമാര്‍ -179 (കാക്കനാട്, എറണാകുളം), മഞ്ജുഷ ബി. ജോർജ് -195 (രാമപുരം കോട്ടയം) എന്നിവരാണ് ഉയര്‍ന്ന റാങ്ക് നേടിയ മറ്റ് മലയാളികള്‍. കേരളത്തിന് പുറത്ത് പരീക്ഷയെഴുതി എട്ടാം റാങ്ക് നേടിയ ആഷിശ് കുമാർ, 45ാം റാങ്ക് നേടിയ ആർ. രമ്യ, 53ാം റാങ്ക് നേടിയ മോഹൻലാൽ, 64ാം റാങ്ക് നേടിയ സി. വിനോദിനി, 69ാം റാങ്ക് നേടിയ പ്രിയാ റാണി, 78ാം റാങ്ക് നേടിയ എസ്. പ്രശാന്ത് തുടങ്ങിയവരും പട്ടികയിലെ മലയാളി സാന്നിധ്യമാണ്. പൊതു വിഭാഗത്തിൽ 347, ഇ.ഡബ്ല്യു.എസ് 115, ഒ.ബി.സി 303, എസ്.സി 165, എസ്.ടി 86 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽനിന്ന് യോഗ്യത നേടിയവരുടെ എണ്ണം. 2023 മേയ് 28നാണ് പ്രിലിമിനറി പരീക്ഷ നടന്നത്. 5,92,141 പേരാണ് പരീക്ഷയെഴുതിയത്. സെപ്റ്റംബറിൽ നടന്ന മെയിൻ പരീക്ഷക്ക് 14,624 പേർ യോഗ്യത നേടി. ഇവരിൽനിന്ന് 2855 പേരാണ് അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.