2001ലും കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ചർച്ചക്കെത്തിയെന്ന് സി.കെ പത്മനാഭൻ
text_fieldsകണ്ണൂർ: കോലീബി സഖ്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. 1991ന് പുറമെ 2001ലും കോൺഗ്രസ് വോട്ട് ചോദിക്കാനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെട്ടിരുന്നതായി പത്മനാഭൻ വെളിപ്പെടുത്തി.
കാസർകോട് വെച്ചാണ് ചർച്ച നടന്നത്. ചർച്ചയിൽ യു.ഡി.എഫിന്‍റെ ഭാഗത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയുമാണ് പങ്കെടുത്തതെന്നും സി.കെ പത്മനാഭൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'കോൺഗ്രസുകാർ ബി.ജെ.പി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയിയാരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി. കോൺഗ്രസുകാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു.
2001ൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി, പി.പി മുകുന്ദൻ, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സി.പി.എം വിരുദ്ധ വോട്ടുകളായിരുന്നു അവരുടെ ലക്ഷ്യം' - സി.കെ പത്മനാഭൻ പറഞ്ഞു.
കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമെങ്കിലും ന്യൂനപക്ഷ വോട്ടുകൾക്കായി ബി.ജെ.പിയെ തള്ളിപ്പറയുന്ന രീതിയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ 1991 ആവർത്തിക്കാനാണ് ലക്ഷ്യമെങ്കിൽ ഒരു സഖ്യത്തിനുമില്ലെന്ന് താൻ നിലപാടെടുത്തതായി സി.കെ. പത്മനാഭൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.