കെ. സുധാകരനെതിരെ സി.കെ ശ്രീധരൻ; ടി.പി. കേസ് സംബന്ധിച്ച ആരോപണം തെറ്റ്, നിയമനടപടി സ്വീകരിക്കും
text_fieldsകാസർകോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിന്ന് പി. മോഹനനെ ഒഴിവാക്കിയത് സി.പി.എമ്മുമായുള്ള ബന്ധം മൂലമാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ ആരോപണത്തിനെതിരെ കാസർകോട് മുൻ ഡി.സി.സി അധ്യക്ഷനും മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി.കെ ശ്രീധരൻ. കെ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ പറഞ്ഞു.
തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് പൊതുയോഗത്തിൽ വെച്ച് സുധാകരൻ നടത്തിയത്. അപകീർത്തികരവും സത്യവിരുദ്ധവുമാണത്. പ്രസ്താവനയിൽ കോടതിയലക്ഷ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.പി വധക്കേസിലെ 14-ാം പ്രതിയായ പി. മോഹനൻ മാസ്റ്ററെ കോടതിയാണ് വെറുതെവിട്ടത്. കോടതി ഉത്തരവിനെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന താൻ ഹൈകോടതിയിൽ അപ്പീൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ വസ്തുത സുധാകരൻ ഓർക്കുന്നത് നല്ലതാണെന്നും സി.കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച കാസർകോട് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സി.കെ. ശ്രീധരനെതിരെ രൂക്ഷവിമർശനമാണ് കെ. സുധാകരൻ നടത്തിയത്. ടി.പി വധക്കേസിന്‍റെ കാലം മുതൽ ശ്രീധരനും സി.പിഎമ്മും തമ്മിൽ ബന്ധമുണ്ട്. ഇതിന്‍റെ ഭാഗമായാണ് പി. മോഹനൻ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. അതിന് അതിന്‍റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളിൽ ഒന്നിന്‍റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഏറെകാലം കോൺഗ്രസിൽ പ്രവർത്തിച്ച ശ്രീധരൻ പാർട്ടി വിട്ടപ്പോൾ കൂടെ പോകാൻ ആളില്ല. അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ടും അദ്ദേഹത്തിനൊപ്പം പോകാൻ പത്ത് പേരില്ലെന്നും സുധാകരൻ പരിഹസിച്ചു. ഇക്കാര്യം ശ്രീധരനും സി.പി.എമ്മും ആലോചിക്കണം. വലിയ മഴ പെയ്യുമ്പോൾ ചെറിയ തുള്ളി പോകുന്നത് പോലെയാണ് ശ്രീധരന്‍റെ പാർട്ടി മാറ്റമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.