മുരളിയുടെ ശിൽപ വിവാദം: സംഗീത നാടക അക്കാദമിയോട് വിശദീകരണം തേടി
text_fieldsതൃശൂർ: സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനും നടനുമായിരുന്ന മുരളിയുടെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീത നാടക അക്കാദമിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുരളിയുടെ വെങ്കലശിൽപം നിർമിക്കുന്നതിന് അക്കാദമി തീരുമാനിച്ചിരുന്നു. നിർമാണത്തിന് നൽകിയ ശേഷമാണ് രൂപഭാവത്തിൽ വ്യത്യാസം വന്നതായി പറഞ്ഞത്. ഇക്കാര്യങ്ങൾ റിപ്പോർട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, വിഷയത്തിൽ വ്യാജ പ്രചാരണം നടത്തരുതെന്ന് സംഗീത നാടക അക്കാദമി. മുരളിയുടെ ശിൽപമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ചിത്രം എഴുതിത്തള്ളിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന വെങ്കല പ്രതിമയുടേതല്ല. മുരളിയുടെ കഥാപാത്രമായ ലങ്കാലക്ഷ്മിയിലെ രാവണന്റെ ഭാവരൂപമായിരുന്നു അത്. ശില്പത്തിന്റെ ശിലാഫലകത്തില്‍ രാവണകഥാപാത്രത്തിന്റെ ഭാവരൂപം എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
നിർമാണച്ചെലവുകള്ക്ക് കരാർ തുകയില്‍ 5,70,000 രൂപ മുന്‍കൂര്‍ ആയി ശിൽപി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയിരുന്നു. ലളിതകല അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗള്‍ഡ് കണ്ട് അംഗീകരിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്നതായിരുന്നു തീരുമാനം. അദ്ദേഹം നടത്തിയ പരിശോധനയില്‍ മുരളിയുമായി രൂപസാദൃശ്യമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കരാറില്‍നിന്ന് അക്കാദമി പിന്മാറുകയും മുന്‍കൂര്‍തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്.
ശില്പി നിസ്സഹായാവസ്ഥ അറിയിക്കുകയും അനുകൂലതീരുമാനം നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ തുക എഴുതിത്തള്ളാൻ തീരുമാനിച്ചത്. കരാറുണ്ടെന്നതല്ലാതെ വെങ്കലത്തില്‍ പ്രതിമ നിർമിച്ചിട്ടില്ല. ഇല്ലാത്ത വെങ്കല പ്രതിമക്ക് പകരം കരിങ്കല്‍ പ്രതിമയുടെ ചിത്രം നല്‍കിയത് വ്യാജമാണെന്നും സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.