ഐ.എൻ.എൽ യോഗത്തിൽ സംഘർഷം; തെരുവിൽ കൂട്ടത്തല്ല്
text_fieldsകൊച്ചി: എറണാകുളത്ത് നടന്ന ഐ.എൻ.എൽ സംസ്ഥാന യോഗത്തിൽ സംഘർഷവും തമ്മിലടിയും. സംഘർഷം തെരുവിലായതിന് പിന്നാലെ യോഗം പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾ തമ്മിലടിച്ചത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കാസിം ഇരിക്കൂറിനെ പൊലീസ് അകമ്പടിയിലാണ് ഹാളിൽ നിന്ന് മാറ്റിയത്.
കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിെൻറ മിനുട്ട്സിൽ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂർ എഴുതിവെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായത്. തുടർന്ന് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ സെക്രട്ടറിയേറ്റ് അംഗമായ ഒ.പി.ഐ കോയയോട് താങ്കൾ ഏത് പാർട്ടിയുടെ പ്രതിനിധിയാണെന്ന് ചോദിച്ച് ആക്ഷേപിച്ചെന്നും സംസ്ഥാന പ്രസിഡൻറ് അബ്ദുൽ വഹാബ് പറഞ്ഞു.
ഇത് നേതാക്കൾ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങൾ രൂപപ്പെടുകയായിരുന്നു. ഉടൻ യോഗം പിരിച്ചുവിട്ടതായി അറിയിച്ചെങ്കിലും പ്രശ്നങ്ങൾ കൈയാങ്കളിയിലേക്ക് നീങ്ങി. യോഗം നടന്ന ഹോട്ടലിന് പുറത്തുണ്ടായിരുന്ന പ്രവർത്തകരും ചേരിതിരിഞ്ഞ് തമ്മിലടിച്ചു. പൊലിസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അതേസമയം യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിൽ ഹോട്ടലിൽ കുടുങ്ങുകയും പൊലീസെത്തിയാണ് മാറ്റിയത്. ബഹളത്തെ തുടർന്ന് യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ചെങ്കിലും കാസിം വിഭാഗം യോഗം തുടരുകയാണ്.
അതെ സമയം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് ഐ.എൻ.എൽ യോഗം നടക്കുന്ന ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് അവഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയിൽ നടക്കുന്നത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.