കിടങ്ങാംപറമ്പ് ക്ഷേത്രോത്സവത്തിലെ സംഘർഷം: സബ് കലക്ടർ അന്വേഷണം തുടങ്ങി
text_fieldsആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രോത്സവത്തിൽ കഴിഞ്ഞദിവസമുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് ആലപ്പുഴ സബ് കലക്ടർ സൂരജ് ഷാജി അന്വേഷണം ആരംഭിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളുടെ പരാതിയിൽ ജില്ല കലക്ടറുടെ ക്യാമ്പ് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേർന്ന അനുരഞ്ജനയോഗത്തിനുശേഷം കലക്ടർ പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ക്ഷേത്രഭാരവാഹികളിൽനിന്നും ആരോപണവിധേയരായ പൊലീസുകാരിൽനിന്നും മൊഴി രേഖപ്പെടുത്തി. രണ്ടുദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.അന്വേഷണം പൂർത്തിയാകുന്നത് വരെ ക്ഷേത്രഡ്യൂട്ടിക്ക് ആരോപണവിധേയരായ പൊലീസുകാരെ നിയോഗിക്കരുതെന്ന് ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഈ പൊലീസുകാരെ മാറ്റി നിർത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി ഗാനമേളയുടെ സമയക്രമം സംബന്ധിച്ച് പൊലീസും ക്ഷേത്രകമ്മിറ്റി അംഗങ്ങളും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ നടന്ന ലാത്തിച്ചാർജിൽ ഗർഭിണി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. രാത്രി 10 വരെയാണ് ഗാനമേളക്ക് അനുവദിച്ച സമയം. എന്നാൽ, സ്രോതാക്കൾ പാട്ടുകൾ ആവശ്യപ്പെട്ടതോടെ ഗാനമേള നീണ്ടു. തുടർന്ന് നോർത്ത് എസ്.ഐ സ്റ്റേജിൽ കയറി മൈക്ക് ഓഫ് ചെയ്തത് കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തതാണ് ലാത്തിച്ചാർജിൽ കലാശിച്ചത്.
തുടർന്ന് ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയിൽ കുറച്ചുസമയംകൂടി ദീർഘിപ്പിച്ചുനൽകി. എന്നാൽ, നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ സമീപനമുണ്ടായതോടെയാണ് ലാത്തിവീശിയതെന്ന് പൊലീസ് പറഞ്ഞു.യോഗത്തിൽ, ക്ഷേത്രോത്സവം സുഗമമായും തടസ്സം കൂടാതെയും സംഘടിപ്പിക്കാൻ ദേവസ്വം കമ്മിറ്റിക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉറപ്പ് നൽകി. ഒരാഴ്ചക്കുള്ളിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ നിർദേശിച്ചു.
കിടങ്ങാം പറമ്പ്, മുല്ലക്കൽ ക്ഷേത്രോത്സവങ്ങൾ കഴിയുന്നതുവരെ ഉത്സവ സ്ഥലത്ത് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചതായും ജില്ല കലക്ടർ അറിയിച്ചു. അനുരഞ്ജന യോഗത്തിൽ സബ് കലക്ടർ സൂരജ് ഷാജി, മുനിസിപ്പൽ ചെയർപേഴ്‌സൻ സൗമ്യ രാജ്, എ.ഡി.എം എസ്. സന്തോഷ് കുമാർ, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡൻറ് കെ.എസ്. ഷാജി കളരിക്കൽ, ഭാരവാഹികളായ ആർ. സ്‌കന്ദൻ, ജി. മോഹൻദാസ്, അഡ്വ. പ്രമൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.