ഓണസമ്മാന വിവാദം: തൃക്കാക്കര നഗരസഭ കാര്യാലയത്തിൽ സംഘർഷാവസ്ഥ
text_fieldsകാക്കനാട്: ഓണസമ്മാന വിവാദത്തിൽ കുടുങ്ങിയ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ചേംബറിൽ കയറിയത് നാടകീയ സംഭവങ്ങൾക്കൊടുവിൽ. അധ്യക്ഷ എത്തുമെന്ന വിവരം ലഭിച്ചതോടെ നഗരസഭ കാര്യാലയം സംഘർഷഭരിതമായിരുന്നു. പ്രതിഷേധവുമായി പ്രതിപക്ഷവും അധ്യക്ഷക്ക് പിന്തുണയുമായി ഭരണപക്ഷവും പൊലീസും നിലയുറപ്പിച്ചു.
ഉച്ചയായിട്ടും അജിത എത്താതിരുന്നതോടെ പ്രതിപക്ഷം ഭക്ഷണം കഴിക്കാൻ പോയി. ഈ സമയത്ത് അധ്യക്ഷയെത്തി. നഗരസഭ ജീപ്പിലായിരുന്നു വരവ്. ചേംബറിന് സമീപത്തെത്തിയെങ്കിലും താക്കോൽ മറന്നതോടെ കാത്ത് നിൽക്കേണ്ടി വന്നു. താക്കോൽ സംഘടിപ്പിച്ച് അകത്ത് കയറിയതിന് പിന്നാലെ പ്രതിപക്ഷ കൗൺസിലർമാർ കൂട്ടമായെത്തി. അധ്യക്ഷ അകത്തു നിന്ന് ചേംബർ പൂട്ടിയതിനാൽ മറ്റുള്ളവർ പുറത്തിരുന്നു.
തുടർന്ന് പ്രതിപക്ഷം മണിക്കൂറുകളോളം കുത്തിയിരുന്നു. നിലത്തിരുന്ന് മടുത്തവർ കസേരകളിലേക്ക് ഇരിപ്പ് മാറ്റി. ലഘുഭക്ഷണങ്ങളുമായി എൽ.ഡി.എഫ് പ്രവർത്തകരുമെത്തി.
വൈകീട്ട് അഞ്ചുവരെ പുറത്തിറങ്ങാതിരുന്ന അജിത തൃക്കാക്കര സി.ഐയുടെ സംരക്ഷണം തേടി. പൊലീസ് എത്തിയതോടെ സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച അധ്യക്ഷയെ അറസ്റ്റ് ചെയ്യണമെന്നായി. കഴിയില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. അതിനിടെ, അധ്യക്ഷക്ക് പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർമാരെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപെട്ട് ശാന്തമാക്കിയെങ്കിലും അധ്യക്ഷയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ കൗൺസിലർമാർ ഉറച്ചുനിന്നതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളതിനാൽ പ്രതിപക്ഷ ഉമ്മാക്കി യെ ഭയക്കില്ലെന്ന് അജിത തങ്കപ്പൻ പറഞ്ഞു. നഗരസഭ പ്രവർത്തിക്കുന്ന മുഴുവൻ ദിവസവും താൻ ഓഫിസിലെത്തും. 25 വർഷം നീണ്ട സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് പാർട്ടി തന്ന അംഗീകാരമാണ് ചെയർപേഴ്സൻ പദവി. കഴമ്പില്ലാത്ത, കെട്ടിച്ചമച്ച വിവാദങ്ങൾക്ക് പിന്നിൽ അത് ഉപേക്ഷിക്കാൻ തയാറല്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.