സ്റ്റേഷനിൽ പൊലീസും സി.പി.ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തെറിവിളിയും; 15 പേർക്കെതിരെ കേസ്
text_fieldsപുനലൂർ: ഉത്രാടദിവസം രാവിലെ പുനലൂർ സ്റ്റേഷനിൽ പൊലീസും പൊതുപ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തെറിയഭിഷേകവും. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ പ്രതിയായ എ.ഐ.വൈ.എഫ് പ്രവർത്തകനെ ജാമ്യത്തിലിറക്കാൻ സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കൾ എത്തിയതോടെയാണ് പ്രശ്നം ഉണ്ടായത്. സ്റ്റേഷനിൽ എത്തിയ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ശ്രീരാജ് അടക്കമുള്ളവരെ എസ്.ഐയും എ.എസ്.ഐയും അസഭ്യം പറഞ്ഞതായി പ്രവർത്തകർ ആരോപിച്ചു.
സംഭവമറിഞ്ഞ് സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, നേതാക്കളായ കെ. രാധാകൃഷ്ണൻ, ജെ. ഡേവിഡ്, ജ്യോതികുമാർ, വി.എസ്. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ സ്റ്റേഷനിലെത്തി തള്ളിക്കയറാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു.
ഇരുകൂട്ടരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും വീണ്ടും അസഭ്യവർഷവും അരങ്ങേറി. സ്റ്റേഷൻ ഓഫിസർ ബിനു വർഗീസ് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പൊതുപ്രവർത്തകരെ ചീത്ത പറഞ്ഞ പൊലീസുകാരെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞതെന്ന് നേതാക്കൾ പറഞ്ഞു. കോവിഡ് പ്രതിരോധം ലംഘിച്ച് സ്റ്റേഷനിൽ പ്രശ്നം ഉണ്ടാക്കിയ കണ്ടാൽ അറിയാവുന്ന 15 എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി സ്റ്റേഷൻ ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.